blog counter

Wednesday, December 15, 2010

           ബാല്‍ക്കണിയിലിരുന്നാല്‍ കടല്‍ കാണണം.അതായിരുന്നു പുതിയൊരു വീടിനെക്കുറിച്ചാലോചിച്ചപ്പോള്‍ ഗബ്രിയേല്‍ ആദ്യം അടയാളം വെച്ചത്.ചുവരുകള്‍ക്ക് കടല്‍നീലയുടെ പലതരം നിറങ്ങള്‍. വെളുത്ത മാര്‍ബിളില്‍ വെണ്‍തിരകള്‍പോലെ പടവുകള്‍.ഡ്രോയിംഗ് റൂമില്‍ മത്സ്യകന്യകയുടെ ചെറിയൊരു ശില്‍പ്പം.ചുവരില്‍ സന്ധ്യയുടെ കനല്‍ വെളിച്ചത്തില്‍ ചീന വലക്കരികില്‍ കൂനിക്കൂടിയിരിക്കുന്ന ഒറ്റ മുക്കുവന്റെ ചിത്രം.
       ബാല്‍ക്കണിയില്‍,കടലില്‍ പെയ്യുന്ന മഴ നോക്കിയിരിക്കുന്നേരം താഴെ പൂജാ മുറിയില്‍ കൊച്ചമ്മിണി കൊളുത്തിവെച്ച മെഴുകുതിരികള്‍ക്ക് പിന്നിലെ ക്രൂശിത രൂപത്തോട് മനസ്സാ വീണ്ടും,വീണ്ടും നന്ദി പറഞ്ഞു ഗബ്രിയേല്‍.മഴ ഇത്തവണ പ്രവചിക്കപ്പെട്ടതിലും നേരത്തെയാണ്. ഇത്ത്രയധികം കാത്തുനില്‍ക്കാന്‍ വയ്യെന്ന മട്ടില്‍ ഓര്‍ക്കാപ്പുറത്ത് ഒരു രാത്രി,മഴ അയാളുടെ ഓരോ ജാലകത്തിലും ഇടപെടാന്‍ തുടങ്ങി.
      മഴക്കൊപ്പം നിലാവും കൂടി നൃത്തംചെയ്യുന്ന രാത്രികള്‍ വെറുതെ ഉറങ്ങിത്തീര്‍ത്തു കളയാന്‍ ഇഷ്ടപ്പെടാതെ, ഗബ്രിയേല്‍ ബാല്‍ക്കണിയില്‍ കടലിലേക്ക് നോക്കി യിരുന്നു.കടല്‍ ആകാശത്തിലേക്ക് പറത്തിവിടുന്ന ആയിരം പട്ടങ്ങളുടെ ചന്ദന നൂലുകളാണ് മഴനാരുകള്‍ എന്നയാള്‍ക്ക്തോ ന്നും അന്നെരമൊക്കെയും! മഴയൊടുങ്ങി,ക്രമേണ കടലടങ്ങിയപ്പോള്‍ ശ്വാസംമുട്ടി അടിത്തട്ടില്‍നിന്നും മുകള്‍
ത്തട്ടിലേക്ക് കുതിച്ചുയര്‍ന്ന, ബലിഷ്ടങ്ങളായ കൈകള്ളൂള്ള ഒരാള്‍രൂപം അയാളെ നോക്കി "മകനെ" എന്ന് നിലവിളിച്ചു.
         ഗബ്രിയേല്‍ കുഞ്ഞായിരിക്കുമ്പോള്‍  അപ്പന്‍ ഗീവര്‍ഗീസ് കടലിലിറങ്ങിയതാണ്,മീന്‍പരലുകള്‍ തേടി.കാറ്റ്മറിച്ചിട്ട തോണി നാളേറെ കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ ഗീവര്‍ഗീസിനെ തിരികെ കൂട്ടിയില്ല.അന്ന് തുടങ്ങിയതാണ്‌ നിലാവും, മഴയും,ഒരുമിച്ചുപെയ്യുമ്പോള്‍ ഗീവര്‍ഗീസ് കടലിന്റെ അടിത്തട്ടില്‍ നിന്നും ബലിഷ്ട ങ്ങളായകൈകള്‍ വീശി നീന്തിവന്നു ഗബ്രിയേലിനെ നോക്കി കരയാന്‍..
കരയിലിരുന്നു കൈയ്യേറെ നീട്ടിയിട്ടും അതില്‍ പിടിച്ച് അപ്പന്‍ കേറി വന്നില്ല ഒരിക്കലും.പട്ടിണികിടന്നും,ഏകാകിയായ്‌ അലഞ്ഞും ഒടുവില്‍ കടല്‍ത്തീരത്തു വന്നു നിന്നു കരഞ്ഞ ഗബ്രിയേലിനു നേരെ കടലിന്റെ ഉള്ത്തട്ടില്‍ നിന്നും " മകനേ " എന്നൊരു സങ്കടവിളിമാത്രം വന്നു മുട്ടിനിന്നു. 
       "യഹോവേ, നിന്റെ പ്രവൃത്തികള്‍ എത്ര പെരുകിയിരിക്കുന്നു, ഭൂമി നിന്റെ സൃഷ് ട്ടികളാല്‍ നിറഞ്ഞിരിക്കുന്നു.വലിപ്പവും,വിസ്ഥാരവുമുള്ള സമുദ്രം അതാ കിടക്കുന്നു.അതില്‍ സഞ്ചരിക്കുന്ന വലുതും,ചെറുതുമായ അസംഖ്യം ജന്തുക്കള്‍ ഉണ്ട്.അതില്‍ കപ്പലുകള്‍ ഓടുന്നു.അതില്‍ കളിപ്പാന്‍ നീ ഉണ്ടാക്കിയ ലിവ്യാധാന്‍ ഉണ്ട്.തക്കസമയത്ത് തീന്‍ കിട്ടേണ്ടതിന് ഇവയൊക്കെയും നിന്നെ കാത്തിരിക്കുന്നു.നീ കൊടുത്തതിനെ അവ പെരുക്കുന്നു.തൃക്കൈ തുറക്കുമ്പോള്‍ അവയ്ക്ക് നന്‍മ്മ കൊണ്ട് തൃപ്തി വരുന്നു.തിരുമുഖത്തെ മറക്കുമ്പോള്‍ അവ ഭ്രമിച്ചുപോകുന്നു.നീ അവയുടെ ശ്വാസം എടുക്കുമ്പോള്‍ അവ ചത്ത് പൊടിയിലേക്കു തിരികെ ചേരുന്നു"
  കൊച്ചമ്മിണിയുടെ സത്യപുസ്തക പാരായണം ഗബ്രിയേല്‍ കേട്ടുകൊണ്ടിരുന്നു.അവളുടെ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍  "ആമേന്‍ " ചൊല്ലുവാന്‍ മാത്രമായിരുന്നു മകള്‍ അന്നയുടെ പ്രാത്ഥനാനിയോഗം.കൊച്ചമ്മിണിയുടെ അതിഭക്തിക്കും, ഗബ്രിയേലിന്റെ വിഭക്തിക്കുമിടയില്‍ അന്ന മുട്ടുകുത്തി നിന്നു.
      അന്ന പിറന്നു വീഴുമ്പോള്‍ ഗബ്രിയേലിനു ചിലനിശ്ചയങ്ങളുണ്ടാ യിരുന്നു.തനിക്ക്‌ കഴിയാതെ പോയ ജീവിതത്തിലേക്ക് അന്നയെ വഴിനടത്തനം.സമൃദ്ധി കൊണ്ടല്ല,അസാധാരണതകൊണ്ട്.ആദ്യത്തെ വെടി കൊച്ചമ്മിണി പൊട്ടിച്ചത് അന്നയുടെ കാത്കുത്തിനെ ചൊല്ലിയായിരുന്നു.ആഭരണങ്ങളുടെ അടയാളങ്ങളാല്‍  മകള്‍ തിരിച്ചറിയപ്പെടെണ്ടതില്ലെന്ന് ഗബ്രിയേലിന് നിര്‍ബന്ധമുണ്ടായിരുന്നു. ഒടുവില്‍ വിദഗ്ധമായി ഇടവകക്കാരപ്പാടെയും തന്റെ ചേരിയില്‍ നിര്‍ത്തി കൊച്ചമ്മിണി ജയിച്ചുകയറി.അന്നയുടെ കാതില്‍ തൂങ്ങിയാടുന്ന ലോലാക്ക് കാണുമ്പോളൊക്കെയും അയാള്‍ക്ക്‌ അന്നയോട് ഒരുതരം അകല്‍ച്ചതോന്നി.
കുഞ്ഞിലേ അന്നക്ക് വേണ്ടി അയാള്‍ നിശ്ചയിച്ച ചില പരിശീലനങ്ങളൊക്കെയും അയാള്‍ മാറ്റിവച്ചു.അന്ന ഒരു സാധാരണ പെണ്‍കുട്ടിയായി വളര്‍ന്നുവരുന്നതിന്റെ വേദനകളൊക്കെയും അയാള്‍ സ്വയം ഉള്ളില്‍ നിലവിളിച്ചു തീര്‍ത്തു!ചുമലിലും, മടിയിലും,തോളിലുമൊക്കെയായി അന്ന നീന്തിക്കയറിയും,ഇറങ്ങിയും കളിച്ചു കൊണ്ടിരുന്നപ്പോഴും അയാള്‍ക്ക്‌ അത്രയധികം വാത്സല്യം തോന്നിയില്ല.ഈ മൌനം മുതലെടുത്ത്‌ കൊച്ചമ്മിണി അന്നയെ തന്റെ ഇഷ്ടങ്ങളും,വാസനകളും, പരിശീലിപ്പിച്ചു.പ്രാ
ര്‍ത്ഥനാവേളകളില്‍ കൊച്ചമ്മിണി സത്യവേദപുസ്തകം തുറക്കുമ്പോളേക്കും പരിശീലിപ്പിക്കപ്പെട്ട ഒരാട്ടിന്‍കുട്ടിയേപ്പോലെ അന്ന സ്വന്തം  മുട്ടുകളില്‍ നിന്ന്‌ " ആമേന്‍" ചൊല്ലാന്‍ സന്നദ്ധയായി.
    " ഗബ്രിയേലിന്റെ വീട് കടലിനുവേണ്ടിയോ, കടല്‍ വീടിനുവേണ്ടിയോ നിര്‍മ്മിക്കപ്പെട്ടത്" എന്ന സുഭാഷി
ണി യുടെ ആശ്ചര്യമാണ് തന്റെ വീട്ടിന് കിട്ടിയ ഏറ്റവും നല്ല വിലയിരുത്തലെന്ന് ഗബ്രിയേല്‍ മനസ്സില്‍ കുറിച്ചിട്ടു.സുഭാഷിണി അയാളുടെ സഹപ്രവര്‍ത്തകയാണ്.അസാധാരണമായ ചിന്തകളും,സൗന്ദര്യവും, ചലനങ്ങളും,നിക്ഷേപിക്കപ്പെട്ട,തികച്ചും അസാധാരണയായ സ്ത്രീ.ഗബ്രിയേലിന്റെ ഇഷ്ടക്കാരില്‍ ഒന്നാം ഹാജരുകാരി.അതിരുകളില്ലാതെ ഏതു വിഷയവും സംസാരിക്കാന്‍ തയ്യാറുള്ളവള്‍.സ്വാതന്ത്യത്തിന്റെ ലിങ്കവ്യത്യാസമില്ലായ്മയില്‍ ഏതറ്റംവരേക്കും പോകാന്‍ തയ്യാറുള്ളവള്‍.ഗബ്രിയേല്‍ മനസ്സില്‍ താലോലിക്കു ന്നതും,എന്നാല്‍ ഒരിക്കലും ജീവിക്കാന്‍ കഴിയാത്തതുമായ ഒരു ജീവിതത്തിന്റെ ഉടമ.  
   ഓഫീസില്‍ അയാളുടെ വലതുവശത്താണ്
അവളുടെ സ്ഥാനം.ഫയലുകളുടെ അള്‍ത്താരയില്‍ അവളുടെ അടിവയറ്റിലെ ചെമ്പന്‍രോമങ്ങളെ ഗബ്രിയേല്‍ വല്ലാത്ത സ്നേഹത്തോടെ സ്നാനപ്പെടുത്തി.കോഫീ ഹൌസിന്റെ സ്വകാര്യതയില്‍ ഒരിക്കല്‍ അവളുടെ ചെവിയില്‍ അതിനെപ്പറ്റി മന്ത്രിച്ചപ്പോള്‍
" നിനക്ക് ഒരുപാട് ആഹ്ലാദം തരുന്നതാണ് ആ നോട്ടമെങ്കില്‍,അത് വെളിവാക്കു ന്നതില്‍ ഞാന്‍ പ്രത്യേകം നികുതി ഒടുക്കുന്നില്ലല്ലോ" എന്നാണ് പ്രതിവചിച്ചത്!
   രണ്ട്‌ ഔണ്‍സ് മദ്യത്തിന്റെ ഔദാര്യമുള്ള സന്ധ്യകളില്‍ ഗബ്രിയേല്‍  കൊച്ചമ്മി ണി യുടെ സ്ഥാനം സുഭാഷി
ണിക്ക് നല്‍കിയിരുന്നു,മനസ്സിലെങ്കിലും.അന്നയ്ക്ക് അവളുടെ മകളുടെ സ്ഥാനവും.
   സുഭാഷിണി അവിവാഹിതയായിരുന്നു.അത്രയധികം റേഞ്ചുള്ള ഒരു പുരുഷനെ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടെന്ന് വിശദീകരണം.കര്‍ത്താവിനോടു ഗബ്രിയേലിന് ഒരുകാര്യത്തില്‍ ഏറെ അതൃപ്തിയുണ്ടായിരുന്നു.കൊച്ചമ്മി
ണിയുമായി മനസ്സമ്മതം നടക്കും മുമ്പ് സുഭാഷിണിയെ തന്റെ മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്താ ത്തതില്‍.
ജീവിതത്തില്‍ ഒരിക്കലും ഡിലീറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ഫയലുകളിലൊന്ന്   സുഭാഷിണിയുമായി കോഫീഹൌസിലെ വൈകുന്നേരങ്ങളാണ്.ഒരു കോഫി കുടിക്കുക എന്നതിലപ്പുറം,ഒരാസക്തി വീഞ്ഞിനോട് തോന്നിയ ഒരു വൈകുന്നേരം സുഭാഷിണിയെ മറികടക്കാന്‍ ഒരുപാട് കളവുകള്‍ പറഞ്ഞ് പരാജയപ്പെട്ട് ഒടുവില്‍ സത്യംപറഞ്ഞ് കുമ്പസരിച്ചു സ്വയം പരിഹാസ്യനായൊരു വൈകുന്നേരമായിരുന്നു അത്.ഒടുവില്‍ "എന്നെ ഇത്രയേ എന്നെ അറിഞ്ഞുള്ളൂ" എന്ന രണ്ടിറ്റു കണ്ണീരിന്  മുന്പില്‍ അയാള്‍ ഒന്നും പറയാനാകാതെ മുഖം കുനിച്ചുനിന്നു.ബാറിന്റെ ചുവന്നതും, അരണ്ടതുമായ വെളിച്ചമില്ലായ്മയിലിരുന്ന് ഗബ്രി വീഞ്ഞ് കോപ്പ ചുണ്ടോടടുപ്പിക്കു മ്പോള്‍ എതിര്‍ വശത്തെ സീറ്റില്‍ സുഭാഷിണിയുണ്ടായിരുന്നു.
ലഹരി പിടിച്ച ഞരമ്പുകളെ തഴുകി ശാന്തമാക്കി ഗബ്രിയേല്‍ എന്തിനെന്നില്ലാതെ കരഞ്ഞു. അറിയാത്ത ദുഖങ്ങളില്‍ കൈ വിരലോടിച്ചു ശാന്തമ്മായി ഉറങ്ങുന കുഞ്ഞു പെങ്ങളായി മാറി സുഭാഷിണി അന്നേരം ഗബ്രിക്ക്.പിന്നീട് ഒരു വീണ്ടു വിചാരത്തില്‍ സുഭാഷിണിയുടെ മുഖം കൈകളില്‍ കോരിയെടുത്ത്  ഉമ്മവെക്കാനെന്നോണം അത്രയധികം അടുപ്പിച്ചു അവളുടെ കണ്ണുകളില്‍ തന്നെ ഉറ്റുനോക്കി ഇങ്ങനെ പറഞ്ഞു " ദൈവം എത്രക്രൂരനാണ്.എന്റെ മനസമ്മതത്തിന് മുമ്പേ നിന്നെ എനിക്ക് വെളിവാക്കിത്തരാത്ത വിധം"
   സുഭാഷിണി ഗബ്രിയുറെ വിരലുകളില്‍ നിന്നും മുഖം വേര്‍പെടുത്തി
" നോക്കൂ ഗബ്രീ,ഞാന്‍ അറിയുന്നുണ്ട്,എല്ലാ ഇന്ദ്രിയരസങ്ങള്‍ക്കുമപ്പുറം നീ എന്നില്‍ തിരിച്ചറിയുന്ന എന്തോ ഒന്നില്ലേ?കൊച്ചമ്മിണിയെ ഓര്‍ത്ത് എനിക്ക് അസൂയ്യപ്പെടാതിരിക്കാന്‍ വയ്യ.പക്ഷെ നിന്നെ എങ്ങിനെയൊക്കെ അവള്‍ വിശകലനം ചെയ്യുന്നു എന്നോര്‍ത്ത് സഹതാപിക്കാതിരിക്കാനും വയ്യ.
" നേരം ഒരുപാടാകുന്നു സുബ്ബാ.. നമുക്ക് പോകാം.."
" ഗബ്രീ, അത് ഞാനല്ലേ പറയേണ്ടത്.. "
സുഭാഷിണിയുടെ പൊട്ടിച്ചിരി ബാറിലെ അരണ്ട വെളിച്ചത്തെ പരമാവധി പ്രകാശിപ്പിച്ചു.സിരകളിലെ വീഞ്ഞിന്റെ ഖോരലഹരിയില്‍ ഗബ്രിയേല്‍ കണ്ടതാകട്ടെ സീറ്റുകളിലോരോന്നിലും നിരവധി ഗബ്രിമാര്‍ സുഭാഷിണിക്ക് മുമ്പില്‍ മുട്ടുകുത്തിനിന്നു ആമേന്‍ ചൊല്ലുന്നതും.
   ബാല്‍ക്കണിയില്‍,മഴയുള്ള രാത്രികളില്‍ ലൈറ്റിടാന്‍ ഗബ്രിക്ക്‌  അവകാശമി ല്ലായിരുന്നു.അത് സുഭാഷിണിയുടെ കല്പ്പനയാണ്.ഇരുളില്‍,തനിയെ ബാല്‍ക്കണി യില്‍ ഒരു രാവു
ക്കിനെ അവഗണിച്ചിരിക്കുമ്പോള്‍ മനസ്സുനിറയെ സുബ്ബയായിരുന്നു ഗബ്രിയില്‍.സ്ത്രീയും,പുരുഷനും ചേര്‍ന്നിരിക്കുമ്പോള്‍ ഉത്ഭവിക്കുന്ന,സിരകളിലെ സുഖമല്ല,അവര്‍ കൈകാര്യം ചെയ്തിരുന്നത്.അതിനപ്പുറം ഏതൊക്കെയോ ജന്മാന്തര നിയുക്തങ്ങളായ മഞ്ഞുവീഴ്ചകളില്‍ ഗബ്രിയും,സുബ്ബയും തനിച്ചിരിക്കുകയായിരുന്നു. 
 കടലിനും,വീടിനും ഇടയിലെ പുറമ്പോക്കിലെ കുട്ടികള്‍ കളിയ്ക്കാന്‍ മാത്രം ഉപയോ ഗിച്ചിരുന്ന ചെറിയ സ്ഥലത്ത് ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന കെട്ടിടം ഗബ്രിയേ ലിന്റെ കടല്‍കാഴ്ചകളെ മായ്ചുതുടങ്ങിയത് അയാളില്‍ പുതിയൊരു അസ്വസ്ഥത കൂടി ഉണ്ടാക്കിവെച്ചു.ഒരാശ്വാസം അവര്‍ വലതു വശത്ത്‌ പൂന്തോട്ടത്തിനായി ഒഴിച്ചിട്ടിരുന്ന ശൂന്യതയിലൂടെ കടല്‍ കാണാം എന്നതായിരുന്നു.
   കടല്‍ മറയ്ക്കുന്ന അര്‍ഥത്തില്‍ സിമന്റും,കമ്പിയും ചേര്‍ന്നു ഒരുംബെട്ടുയര്‍ന്നു വരുന്ന ചാരനിറം അയാള്‍ ബാല്‍ക്കണിയില്‍ വന്നിരിക്കുമ്പോഴോക്കെയും അയാളെ ഉറ്റുനോക്കി.ഒരാശ്വാസത്തിനെന്നോണം ചാരനിറത്തിലെ ജാലകച്ചതുരങ്ങളില്‍ അയാള്‍ പ്രതീക്ഷയുടെ പന്നല്‍ച്ചെടികള്‍ സങ്കല്‍പ്പിച്ച് വളര്‍ത്തി.
 രാത്രിക്ക് ഇത്രയധികം ഇരുട്ടുണ്ടെന്നു പ്രതീക്ഷിക്കാത്ത ഒരു ദിവസം ബാല്ക്കണിയിലിരുന്നു ഗബ്രി കടലിനെ നേരിടുകയായിരുന്നു.പൊടുന്നനെ ചാരനിറത്തിന്റെ ജാലകങ്ങളിലെ ഗബ്രിയുടെ  പന്നല്‍ ചെടികള്‍ ആടിയുലഞ്ഞു.അതിന്റെ കടുംപച്ചപ്പിലേക്ക് കണ്ണ് കൂര്‍പ്പിച്ചപ്പോള്‍ അവയിലാകെയും സൂര്യകാന്തിപ്പൂക്കള്‍!മഞ്ഞപ്പൂക്കളുള്ള സാരിചുറ്റിയ ഒരു സ്ത്രീ രൂപം,അതുവരെ പ്രത്യക്ഷപ്പെടാത്ത ഒരു പുരുഷരൂപത്തില്‍ അലിഞ്ഞു ചേര്‍ന്ന് അത് ജാലകത്തില്‍ നിന്നും താഴേക്ക് ഒലിച്ചുപോയി.
  ഗബ്രിയേല്‍ കൊച്ചമ്മിണി അനുവദിച്ചുവിട്ട ഒരു കവിള്‍ വീഞ്ഞിന്റെ വ്യാകുലത യില്‍ പെരുവിരലില്‍ എഴുന്നേറ്റുനിന്നു ചാരനിരത്തിലേക്ക് തുറിച്ചുനോക്കി.എന്നാല്‍ കടലില്‍നിന്നും കയറിവന്നൊരു ചെകുത്താനെപ്പോലെ അത് ഗബ്രിയേ ഭയപ്പെടുത്തി.ഭയത്തില്‍ നിന്നു ഓടി രക്ഷപ്പെടാനെന്നോണം ഈ സൂര്യകാന്തിയെ തനിക്കറിയാമല്ലോ എന്ന് വിസ്മയപ്പെട്ടു.
സുഭാഷിണിയെ ബോധപൂര്‍വം ഒഴിവാക്കി ഓഫീസ് വിട്ട് വീട്ടിലേക്കു പോരാന്‍ ബസ്സില്‍ കയറിയപ്പോള്‍ മുമ്പില്‍ " അമ്മാ വല്ലതും തരണേ " എന്ന്‍ ഒറ്റശ്വാസത്തില്‍ ഇന്നലത്തെ സൂര്യകാന്തി ചെന്തമിഴില്‍ ഗബ്രിയേലിന് നേരെ കൈ നീട്ടി.അവളുടെ കൈകളില്‍ അയാള്‍ വച്ചുകൊടുത്തത് നാണയങ്ങളല്ല സ്വന്തം കൈകള്‍ തന്നെ യായിരുന്നു.ആ കൈകളില്‍ ബലമായി പിടിച്ച് കോഫീ ഹൌസില്‍ സുഭാഷിണി ക്കൊപ്പം പങ്കിട്ട അതേ കസേരയില്‍ അവളെ കൊണ്ടിരുത്തി,ഗബ്രിയേല്‍ ഓരോ കോഫിക്ക് ഓര്‍ഡറിട്ടു.
        ഒരുകവിള്‍ കാപ്പിയുടെ രുചി തൊണ്ടയില്‍ തടഞ്ഞു നിര്‍ത്തി,ഗബ്രി പറഞ്ഞ തിങ്ങനെ
" നീ  മുഴുവനായും പറയുക,നിന്റെ മുറിവുകളോരോന്നും വിശകലനം ചെയ്യുക"
 " സര്‍ ചേറും ചൊറിയും ചിരങ്ങും പൂത്തു കിടക്കുന്ന ഈ ശരീരത്തില്‍ അതൊക്കെ വകഞ്ഞുമാറ്റി ഒരു പായല്‍ നിറഞ്ഞ കുളത്തിലെന്ന പോലെ ഒരാള്‍ കുളിക്കാനെ ത്തുമ്പോള്‍... കാശിനുവേണ്ടിയല്ല സാര്‍,എനിക്കും ഒരു പെണ്ണാകേണ്ടേ വല്ലപ്പോഴുമെങ്കിലും,മുലയൂട്ടാനയില്ലെങ്കിലും.അതിനെ തടസ്സപെടുത്തുന്ന വേലികലുടെ  അര്‍ത്ഥമെന്താണ് സാര്‍?"
ഗബ്രിയേലിന് മനസ്സെവിടെയോ അടഞ്ഞുപോയി
" സുഭാഷിണീ,കൊച്ചമ്മിണീ,നിങ്ങളേയൊക്കെ സൃഷ്ടിച്ച ദൈവത്തിന്റെ ചില രീതികള്‍ നോക്കുക.അതേ ദൈവം ആദിയില്‍ ഭൂമിയുണ്ടായപ്പോള്‍,ഇരുളും വെളിച്ചവും വേര്‍തിരിക്കാന്‍ വെമ്പിയ ദൈവം സൂര്യകാന്തികളെ സൃഷ്ടിച്ചതെങ്ങിനെ എന്ന് നോക്കുക"
   " എന്നെങ്കിലും ഒരു നാള്‍വരിക,എന്റെ ജാലകങ്ങളിലെ പന്നല്‍ച്ചെടികളില്‍ സൂര്യകാന്തികള്‍ വിരിയിച്ചെടുക്കണം നമുക്കിക്കുറി".സുഭാഷിണിയോടൊപ്പം ചെലവിടുന്ന തിലും സുഖംതോന്നി അയാള്‍ക്കപ്പോള്‍
ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ തല പൂഴ്ത്തിവെച്ചിരിക്കുംബോളാണ് സുഭാഷിണി യുടെ ഭ്രാന്തമായ പൊട്ടിച്ചിരി പൊങ്ങിയത്.എല്ലാ കണ്ണുകളും അക്കങ്ങളില്‍  നിന്നൂരിയെടുത് അവളില്‍  നിക്ഷേപിക്കുമ്പോഴേക്കും സുബ്ബ വസ്ത്രങ്ങളൊന്നൊന്നായി ഉരിഞ്ഞെരിഞ്ഞു പൂര്‍ണ്ണ നഗ്നതയിലേക്ക്‌ യാത്രയായിരുന്നു.പിന്നെ സെക്ഷന്‍ ക്ലാര്‍ക്കുമാരുടെ  ഇരിപ്പിടങ്ങള്‍ ഓരോന്നും പിന്നിട്ട് പുറത്തേക്കിറങ്ങി ഓടിപ്പോകും വരെ എല്ലാവരും സ്വന്തം ഇരിപ്പിടങ്ങളില്‍ ഉറച്ചുപോയി .
അന്ന് വൈകുന്നേരം ആകാവുന്നത്ര വീഞ്ഞ് മോന്തി ഭാരം കുറച്ചു
സുബ്ബ കിടപ്പുപ്പിച്ച ആശുപത്രിമുറിയിലെ പച്ചവിരിപ്പിന്മേല്‍ ഒരുപാടു കണ്ണീര്‍കുടഞ്ഞിട്ടു ഗബ്രിയേല്‍. ഇനിയൊരിക്കലും മടങ്ങിവരാത്ത വിധം ഒരുപാടു ദൂരങ്ങള്‍ പിന്നിട്ടുകൊണ്ട് സുബ്ബ അയാള്‍ക്ക്‌ മുന്നില്‍ മലര്‍ന്നു കിടന്നു.
രാത്രി, മഴയായിരുന്നു. മിന്നലുകള്‍ പൊന്‍വാളുകള്‍ വീശി കടലിനോടു യുദ്ധം ചെയ്യുന്നത് നോക്കി നിര്‍
വികാരനായി ഗബ്രിയേല്‍ ബാല്ക്കണിയിലിരുന്നു.പിന്നീടെ പ്പോഴോ കാഴ്ചമടുത്ത് ചാരനിരത്തിന്റെ ജാലകച്ചതുരങ്ങളില്‍ അയാള്‍ മിഴിതറപ്പിച്ചു വച്ചു.
സൂക്ഷിച്ചു നോക്കിയപ്പോളാണ് മനസ്സിലായത്‌ ജാലകച്ചാരത്തെ പന്നലിലകള്‍ ഇളക്കി ആരോതന്നെ വിളിക്കുന്നുണ്ടെന്ന്.അയാള്‍ക്ക്‌ പോകാതിരിക്കാന്‍ ഇരിപ്പുറച്ചില്ല!
ലൈബ്രറിയിലേക്കെന്ന കളവില്‍ കൊച്ചമ്മിണിയെ അതിജീവിച്ചു ഇടക്കിടെ നീണ്ടെത്തുന്ന മിന്നല്‍ വെളിച്ചത്തിലൂടെ അയാള്‍ പന്നല്‍ച്ചെടികള്‍ക്ക് പിന്നിലെ സൂര്യകാന്തിയിലേക്ക് വഴുതിവീണു . 
  മഴയായും,മിന്നലായും,തണുപ്പായും,വെളിച്ചമായും ഉടലുകള്‍ തിരിച്ചറിഞ്ഞ ഒരു നിമിഷത്തില്‍ അയാള്‍ ചോദിച്ചു
" നിന്റെ പേരെന്താണ്?"
ഇരുളില്‍ മിന്നലിന്റെ പശ്ചാത്തലത്തില്‍ ഒരു പൊട്ടിച്ചിരിയും,ശേഷം ഊക്കോടെ ഒരു തള്ളലുമായിരുന്നു ഉത്തരം.
"ഇതുവരെ അറിഞ്ഞില്ലേ നീ എന്നെ? പെണ്ണു...ഈര്പ്പമുള്ളോരു പെണ്ണ്!"
ഇനി എന്തധികം ചോദിക്കാനെന്ന് ഒരടിമയെപ്പോലെ കൂനിക്കൂടിയിരുന്ന ഗബ്രിയേലിന്റെ നെറ്റിമേല്‍ അമര്‍ത്തി ചുംബിച്ച്‌ അവള്‍ ഇരുളില്‍ വിടവാങ്ങി.മുറിയില്‍ മിന്നലും,ചാരനിറവും,ഗബ്രിയേലും മാത്രം അവശേഷിച്ചു.
ഗേറ്റ്തുറന്നു സ്വന്തം വീട്ടിലേക്ക് ചെല്ലുമ്പോള്‍ അയാള്‍ക്ക് തോന്നി താന്‍ അന്നയുടെ അച്ഛനല്ലെന്ന് !എങ്കിലും ഒരു പരിചിതഭാവത്തില്‍ ക്വാളിഗ്ബെല്ലില്‍ വിരലുക ലമര്‍ത്തി,കൊച്ചമ്മിണി തുറന്നുതന്ന വാതില്‍പ്പഴുതിലൂടെ അകത്തേക്ക് കയറി,സൂര്യകാന്തികളുടെ കറകഴുകിക്കളയാന്‍ കുളിമുറിയിലേക്കോടിപ്പോകവേ കൊച്ചമ്മിണി പിറകില്‍നിന്നും വിളിച്ച് ചോദിച്ചു.
"ഗബ്രീ,നിനക്കെന്തു പറ്റീ"
   ഉത്തരം പറയാന്‍ കുളികഴിഞ്ഞിറങ്ങുംവരെ സമയമുണ്ടെന്നാശ്വസിച്ചു ഷവറിനു താഴെവെറും നിലത്തു നഗ്നനായി ഗബ്രിയേല്‍ പരമാവധിനേരം മലര്‍ന്നു കിടന്നു.
പുറത്തിറങ്ങിയ ഗബ്രിയേലിന്റെ കഴുത്തിലും,പുറത്തും ബാക്കിയായ വെള്ളത്തുള്ളികള്‍ ഒരു കൊച്ചുകുഞ്ഞിനെയെന്നോണം ചേര്‍ത്ത്നിര്‍ത്തി കൊച്ചമ്മിണി തുവര്‍ത്തി കൊടുക്കുമ്പോള്‍ ഉച്ചത്തില്‍ കരയാന്‍ തോന്നി ഗബ്രിക്ക്,ഒപ്പം കുമ്പസരിക്കാനും!
     കുളികഴിഞ്ഞു തീന്‍മേശയില്‍ അന്നക്കൊപ്പം ചെന്നിരിക്കുമ്പോള്‍ ഒരുതരം പായല്‍മണം അയാളുടെ കൈകളില്‍ നിറഞ്ഞു.പിന്നെയും,പിന്നെയും കൈകഴുകി തിരികെ വന്നിരുന്ന് തൃപ്തിയാകാതെ ഭക്ഷണം വേണ്ടെന്നുവച്ച് എഴുന്നേറ്റ ഗബ്രിയേലിന്റെ മനസ്സിലേക്ക് അന്ന പതിയെ ഒരു വാക്ക് ഊരിവെച്ചു
"ആമേന്‍"
കിടക്കയില്‍ തളര്‍ന്നു,മലര്‍ന്നു വീണു കിടക്കവേ മുടിയും,വസ്ത്രങ്ങളും അഴിച്ചിട്ടു സിരകളോരോന്നും ഊതിപ്പെരുക്കി ഗബ്രിയേലിനുമേല്‍ പടര്‍ന്നുകയറിയ കൊച്ചമ്മിണി സ്നാനത്തില്‍ കഴുകിക്കളയാന്‍ കൂട്ടാക്കാതെ ഗബ്രിയുടെ കഴുത്തില്‍ ചുറ്റിക്കിടന്ന ഒരു ചെമ്പന്‍ മുടിനാരിനെ വിരലുകളില്‍ തൂക്കിയടുത്ത് ഗബ്രിയെലിന്റെ കണ്ണു  കളിലേക്കിങ്ങി വന്ന് വല്ലാത്ത ശാന്തതയോടെ ചോദിച്ചു.
" ഞാന്‍ മതിയാകാതെ വരുന്നുണ്ടോ ഗബ്രിക്കിപ്പോള്‍"
പൊടുന്നനെ വീടൊരു പായല്‍ക്കുളമായി മാറി.അതില്‍ കൊച്ചമ്മിണിക്ക് പിടികൊടുക്കാതെ പായല്‍ ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കാന്‍ ഗബ്രിയേല്‍ വല്ലാതെ പാടുപെട്ടു.അവിചാരിതമായി തന്നിലേക്ക് തുറന്ന ബാല്‍ക്കണി വാതിലിലൂടെ  ഗബ്രിയേല്‍ കടലില്‍ പെയ്യുന്ന മഴ കണ്ടു.മുന്നില്‍ കടല്‍ പാതിയെ മറച്ചുനിന്ന ചാരനിര ജാലകങ്ങള്‍ ഇടിഞ്ഞുവീണു അതില്‍ നിന്നും,സൂര്യകാന്തികള്‍ തലനീട്ടി  ഗബ്രിയേലിനോട് നിലവിളിച്ചു. 
  അതിനപ്പുറം കലിപിടിച്ചലറുന്ന കടലില്‍ നിന്നും കഷണ്ടിത്തലയുള്ള, ബലിഷ്ടങ്ങളായ കൈകളുള്ള ഗീവര്‍ഗീസ് വീശിയെറിയുന്ന ചന്ദനനൂലുകളില്‍,സ്വയം പട്ടമായി ഗബ്രിയേല്‍ ആകാശത്ത്‌ പറന്ന് നടന്നു.
അപ്പോള്‍ പായല്‍പടര്‍ന്ന കുളപ്പടവില്‍ നിന്നും,ലോലാക്കുകള്‍ അഴിച്ചുവെച്ച  അന്നയുടെ ഒറ്റവരി  പ്രാര്‍ത്ഥനമാത്രം ഗബ്രിയേല്‍ കേട്ടു!
"ആമേന്‍" 




11 comments:

Kochus Shine said...

gabriel....oh my gabriel...jeevikkunnavaro marichavaro ayittu enthenkilum samyam undo dharman....

SUJITH KAYYUR said...

valare nannaayi kadha paranjirikkunnu. anumodenangal.

Umesh Pilicode said...

aasmsakal...

Muralee Mukundan , ബിലാത്തിപട്ടണം said...

എന്തോ.. മുഴുവനായും ശരിയാകാത്തപോലെ..
എന്റെ കുഴപ്പമായിരിക്കാം കേട്ടൊ

ente lokam said...

vibraanthiyil പെട്ട് ഉഴലുന്ന മനസ്സിന്റെ നൊമ്പരങ്ങള്‍
gabrielinte ചിന്തകളില്‍ cheluthunna swaadheenam വളരെ
nannayi avatharippichenkilum കഥയുടെ കണ്ണികള്‍ കൂട്ടി cherkunnathil
അപാകത ഇല്ലേ? subahashiniyude jeevitham
kurachu koodi vyaktham aakkaamayirunnu .manapporvam oru avykkathatha
vaayanakkaranu thannatho vaayanaude parimithiyo ?
officil ayalude valathu vashathu ..'aval' ennu thiruthuka ...aashamsakal ..

സാക്ഷ said...

എന്റെ കഥാപുരുഷന്‍മാര്‍ എന്തുകൊണ്ടോ ഉള്ളു മാന്തി സ്വയം ചോര കുടിക്കുന്ന ദുര്‍ബലരാണ് പലപ്പോഴും! സമകാലിക മാധ്യമങ്ങളും,സമൂഹവും പൊതുവേ അതിശക്തനെന്നു തീര്‍പ്പ് കല്‍പ്പിക്കുന്ന പുരുഷസത്വം അടുത്തറിയുമ്പോള്‍ എത്ര ദുര്‍ബലരാനെന്നറിഞ്ഞു ഞാന്‍ പകച്ചു പോകുന്നു..സ്ത്രീക്ക് പഴിചാരാന്‍ പുരുഷനുണ്ട് എന്നാല്‍ പുരുഷനോ?അവന്റെ അവശതപോലും അവന്റെ അടയാളമല്ല.ഇങ്ങനെ അടയാള വാക്യമില്ലാത്ത മേല്‍വിലാസങ്ങള്‍ എന്റെ ചുറ്റിലും നിറയുന്നു.അവര്‍ നിരതെറ്റിയും, വളവുനീര്‍ക്കാതെയും കാഴ്ചകള്‍ കണ്ടു ശീലിക്കുന്നു... വിളക്കി ചേര്‍ക്കലുകള്‍ ഇതുകൊണ്ട് തന്നെ ഇന്റെ എഴുത്തുകളില്‍ സാധ്യമാകാതെ ഞാന്‍ സ്വയം വീര്‍പ്പു മുട്ടുന്നു.ഗബ്രിയേല്‍ ഇങ്ങനെ വിചാരങ്ങളില്‍ നിന്നും വിചാരങ്ങളിലേക്ക്‌ ഊളിയിട്ടാണ് പലതും അതിജീവിക്കുന്നത്.ഈ അതിജീവനമാണ്‌ ഗബ്രിയുടെ ജീവിതം. അത് താളാത്മകമാക്കാതെ സ്വയം ഒരു താളം അയാള്‍ സൃഷ്ടിക്കുന്നുണ്ട്..
ഈ താളം അപരന്നു അനുഭവവേദ്യമാകുമ്പോള്‍ ഗബ്രി ഗബ്രിയല്ലാതവും.. "ആരും ജീവിക്കാത്ത ഒരു ജീവിതം വീണ് കിട്ടിയിട്ടുണ്ട്.ആര്‍ക്കെങ്കിലും വേണോ" എന്നൊരു പരസ്യം എന്നെങ്കിലും നമ്മുടെ കാതുകളെ അലോസരപ്പെടുത്തും എന്ന് ഞാന്‍ ഭയക്കുന്നു.
നല്ലവായനക്ക്, അതില്‍ ഉരുത്തിരിഞ്ഞ വിയോജിപ്പുകള്‍ക്ക്, ഞാന്‍ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു.
പ്രിയ എന്റെ ലോകം,
ടൈപ്പിങ്ങില്‍ പറ്റിയ ചെറിയ പിശക് പോലും ചൂണ്ടിക്കാട്ടിയതിനു നന്ദി...
ഖേതപൂര്‍വം അത് ഞാന്‍ തിരുത്തി..

Villagemaan/വില്ലേജ്മാന്‍ said...

കഥ നന്നായി...എല്ലാവരിലും ഉണ്ട് ഗബ്രിയെലിന്റെ ഒരു അംശം.

ആശംസകള്‍

വിജയലക്ഷ്മി said...

katha kollaam.. puthuvalsaraashamsakal!!

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal...... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..........

Anil cheleri kumaran said...

നല്ല എഴുത്താണല്ലോ, എന്താ പിന്നീട് പോസ്റ്റുകളില്ലാത്തത്..

Unknown said...

nice one ...i like it

pls avoid the blk in white combination