Wednesday, December 15, 2010

           ബാല്‍ക്കണിയിലിരുന്നാല്‍ കടല്‍ കാണണം.അതായിരുന്നു പുതിയൊരു വീടിനെക്കുറിച്ചാലോചിച്ചപ്പോള്‍ ഗബ്രിയേല്‍ ആദ്യം അടയാളം വെച്ചത്.ചുവരുകള്‍ക്ക് കടല്‍നീലയുടെ പലതരം നിറങ്ങള്‍. വെളുത്ത മാര്‍ബിളില്‍ വെണ്‍തിരകള്‍പോലെ പടവുകള്‍.ഡ്രോയിംഗ് റൂമില്‍ മത്സ്യകന്യകയുടെ ചെറിയൊരു ശില്‍പ്പം.ചുവരില്‍ സന്ധ്യയുടെ കനല്‍ വെളിച്ചത്തില്‍ ചീന വലക്കരികില്‍ കൂനിക്കൂടിയിരിക്കുന്ന ഒറ്റ മുക്കുവന്റെ ചിത്രം.
       ബാല്‍ക്കണിയില്‍,കടലില്‍ പെയ്യുന്ന മഴ നോക്കിയിരിക്കുന്നേരം താഴെ പൂജാ മുറിയില്‍ കൊച്ചമ്മിണി കൊളുത്തിവെച്ച മെഴുകുതിരികള്‍ക്ക് പിന്നിലെ ക്രൂശിത രൂപത്തോട് മനസ്സാ വീണ്ടും,വീണ്ടും നന്ദി പറഞ്ഞു ഗബ്രിയേല്‍.മഴ ഇത്തവണ പ്രവചിക്കപ്പെട്ടതിലും നേരത്തെയാണ്. ഇത്ത്രയധികം കാത്തുനില്‍ക്കാന്‍ വയ്യെന്ന മട്ടില്‍ ഓര്‍ക്കാപ്പുറത്ത് ഒരു രാത്രി,മഴ അയാളുടെ ഓരോ ജാലകത്തിലും ഇടപെടാന്‍ തുടങ്ങി.
      മഴക്കൊപ്പം നിലാവും കൂടി നൃത്തംചെയ്യുന്ന രാത്രികള്‍ വെറുതെ ഉറങ്ങിത്തീര്‍ത്തു കളയാന്‍ ഇഷ്ടപ്പെടാതെ, ഗബ്രിയേല്‍ ബാല്‍ക്കണിയില്‍ കടലിലേക്ക് നോക്കി യിരുന്നു.കടല്‍ ആകാശത്തിലേക്ക് പറത്തിവിടുന്ന ആയിരം പട്ടങ്ങളുടെ ചന്ദന നൂലുകളാണ് മഴനാരുകള്‍ എന്നയാള്‍ക്ക്തോ ന്നും അന്നെരമൊക്കെയും! മഴയൊടുങ്ങി,ക്രമേണ കടലടങ്ങിയപ്പോള്‍ ശ്വാസംമുട്ടി അടിത്തട്ടില്‍നിന്നും മുകള്‍
ത്തട്ടിലേക്ക് കുതിച്ചുയര്‍ന്ന, ബലിഷ്ടങ്ങളായ കൈകള്ളൂള്ള ഒരാള്‍രൂപം അയാളെ നോക്കി "മകനെ" എന്ന് നിലവിളിച്ചു.
         ഗബ്രിയേല്‍ കുഞ്ഞായിരിക്കുമ്പോള്‍  അപ്പന്‍ ഗീവര്‍ഗീസ് കടലിലിറങ്ങിയതാണ്,മീന്‍പരലുകള്‍ തേടി.കാറ്റ്മറിച്ചിട്ട തോണി നാളേറെ കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ ഗീവര്‍ഗീസിനെ തിരികെ കൂട്ടിയില്ല.അന്ന് തുടങ്ങിയതാണ്‌ നിലാവും, മഴയും,ഒരുമിച്ചുപെയ്യുമ്പോള്‍ ഗീവര്‍ഗീസ് കടലിന്റെ അടിത്തട്ടില്‍ നിന്നും ബലിഷ്ട ങ്ങളായകൈകള്‍ വീശി നീന്തിവന്നു ഗബ്രിയേലിനെ നോക്കി കരയാന്‍..
കരയിലിരുന്നു കൈയ്യേറെ നീട്ടിയിട്ടും അതില്‍ പിടിച്ച് അപ്പന്‍ കേറി വന്നില്ല ഒരിക്കലും.പട്ടിണികിടന്നും,ഏകാകിയായ്‌ അലഞ്ഞും ഒടുവില്‍ കടല്‍ത്തീരത്തു വന്നു നിന്നു കരഞ്ഞ ഗബ്രിയേലിനു നേരെ കടലിന്റെ ഉള്ത്തട്ടില്‍ നിന്നും " മകനേ " എന്നൊരു സങ്കടവിളിമാത്രം വന്നു മുട്ടിനിന്നു. 
       "യഹോവേ, നിന്റെ പ്രവൃത്തികള്‍ എത്ര പെരുകിയിരിക്കുന്നു, ഭൂമി നിന്റെ സൃഷ് ട്ടികളാല്‍ നിറഞ്ഞിരിക്കുന്നു.വലിപ്പവും,വിസ്ഥാരവുമുള്ള സമുദ്രം അതാ കിടക്കുന്നു.അതില്‍ സഞ്ചരിക്കുന്ന വലുതും,ചെറുതുമായ അസംഖ്യം ജന്തുക്കള്‍ ഉണ്ട്.അതില്‍ കപ്പലുകള്‍ ഓടുന്നു.അതില്‍ കളിപ്പാന്‍ നീ ഉണ്ടാക്കിയ ലിവ്യാധാന്‍ ഉണ്ട്.തക്കസമയത്ത് തീന്‍ കിട്ടേണ്ടതിന് ഇവയൊക്കെയും നിന്നെ കാത്തിരിക്കുന്നു.നീ കൊടുത്തതിനെ അവ പെരുക്കുന്നു.തൃക്കൈ തുറക്കുമ്പോള്‍ അവയ്ക്ക് നന്‍മ്മ കൊണ്ട് തൃപ്തി വരുന്നു.തിരുമുഖത്തെ മറക്കുമ്പോള്‍ അവ ഭ്രമിച്ചുപോകുന്നു.നീ അവയുടെ ശ്വാസം എടുക്കുമ്പോള്‍ അവ ചത്ത് പൊടിയിലേക്കു തിരികെ ചേരുന്നു"
  കൊച്ചമ്മിണിയുടെ സത്യപുസ്തക പാരായണം ഗബ്രിയേല്‍ കേട്ടുകൊണ്ടിരുന്നു.അവളുടെ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍  "ആമേന്‍ " ചൊല്ലുവാന്‍ മാത്രമായിരുന്നു മകള്‍ അന്നയുടെ പ്രാത്ഥനാനിയോഗം.കൊച്ചമ്മിണിയുടെ അതിഭക്തിക്കും, ഗബ്രിയേലിന്റെ വിഭക്തിക്കുമിടയില്‍ അന്ന മുട്ടുകുത്തി നിന്നു.
      അന്ന പിറന്നു വീഴുമ്പോള്‍ ഗബ്രിയേലിനു ചിലനിശ്ചയങ്ങളുണ്ടാ യിരുന്നു.തനിക്ക്‌ കഴിയാതെ പോയ ജീവിതത്തിലേക്ക് അന്നയെ വഴിനടത്തനം.സമൃദ്ധി കൊണ്ടല്ല,അസാധാരണതകൊണ്ട്.ആദ്യത്തെ വെടി കൊച്ചമ്മിണി പൊട്ടിച്ചത് അന്നയുടെ കാത്കുത്തിനെ ചൊല്ലിയായിരുന്നു.ആഭരണങ്ങളുടെ അടയാളങ്ങളാല്‍  മകള്‍ തിരിച്ചറിയപ്പെടെണ്ടതില്ലെന്ന് ഗബ്രിയേലിന് നിര്‍ബന്ധമുണ്ടായിരുന്നു. ഒടുവില്‍ വിദഗ്ധമായി ഇടവകക്കാരപ്പാടെയും തന്റെ ചേരിയില്‍ നിര്‍ത്തി കൊച്ചമ്മിണി ജയിച്ചുകയറി.അന്നയുടെ കാതില്‍ തൂങ്ങിയാടുന്ന ലോലാക്ക് കാണുമ്പോളൊക്കെയും അയാള്‍ക്ക്‌ അന്നയോട് ഒരുതരം അകല്‍ച്ചതോന്നി.
കുഞ്ഞിലേ അന്നക്ക് വേണ്ടി അയാള്‍ നിശ്ചയിച്ച ചില പരിശീലനങ്ങളൊക്കെയും അയാള്‍ മാറ്റിവച്ചു.അന്ന ഒരു സാധാരണ പെണ്‍കുട്ടിയായി വളര്‍ന്നുവരുന്നതിന്റെ വേദനകളൊക്കെയും അയാള്‍ സ്വയം ഉള്ളില്‍ നിലവിളിച്ചു തീര്‍ത്തു!ചുമലിലും, മടിയിലും,തോളിലുമൊക്കെയായി അന്ന നീന്തിക്കയറിയും,ഇറങ്ങിയും കളിച്ചു കൊണ്ടിരുന്നപ്പോഴും അയാള്‍ക്ക്‌ അത്രയധികം വാത്സല്യം തോന്നിയില്ല.ഈ മൌനം മുതലെടുത്ത്‌ കൊച്ചമ്മിണി അന്നയെ തന്റെ ഇഷ്ടങ്ങളും,വാസനകളും, പരിശീലിപ്പിച്ചു.പ്രാ
ര്‍ത്ഥനാവേളകളില്‍ കൊച്ചമ്മിണി സത്യവേദപുസ്തകം തുറക്കുമ്പോളേക്കും പരിശീലിപ്പിക്കപ്പെട്ട ഒരാട്ടിന്‍കുട്ടിയേപ്പോലെ അന്ന സ്വന്തം  മുട്ടുകളില്‍ നിന്ന്‌ " ആമേന്‍" ചൊല്ലാന്‍ സന്നദ്ധയായി.
    " ഗബ്രിയേലിന്റെ വീട് കടലിനുവേണ്ടിയോ, കടല്‍ വീടിനുവേണ്ടിയോ നിര്‍മ്മിക്കപ്പെട്ടത്" എന്ന സുഭാഷി
ണി യുടെ ആശ്ചര്യമാണ് തന്റെ വീട്ടിന് കിട്ടിയ ഏറ്റവും നല്ല വിലയിരുത്തലെന്ന് ഗബ്രിയേല്‍ മനസ്സില്‍ കുറിച്ചിട്ടു.സുഭാഷിണി അയാളുടെ സഹപ്രവര്‍ത്തകയാണ്.അസാധാരണമായ ചിന്തകളും,സൗന്ദര്യവും, ചലനങ്ങളും,നിക്ഷേപിക്കപ്പെട്ട,തികച്ചും അസാധാരണയായ സ്ത്രീ.ഗബ്രിയേലിന്റെ ഇഷ്ടക്കാരില്‍ ഒന്നാം ഹാജരുകാരി.അതിരുകളില്ലാതെ ഏതു വിഷയവും സംസാരിക്കാന്‍ തയ്യാറുള്ളവള്‍.സ്വാതന്ത്യത്തിന്റെ ലിങ്കവ്യത്യാസമില്ലായ്മയില്‍ ഏതറ്റംവരേക്കും പോകാന്‍ തയ്യാറുള്ളവള്‍.ഗബ്രിയേല്‍ മനസ്സില്‍ താലോലിക്കു ന്നതും,എന്നാല്‍ ഒരിക്കലും ജീവിക്കാന്‍ കഴിയാത്തതുമായ ഒരു ജീവിതത്തിന്റെ ഉടമ.  
   ഓഫീസില്‍ അയാളുടെ വലതുവശത്താണ്
അവളുടെ സ്ഥാനം.ഫയലുകളുടെ അള്‍ത്താരയില്‍ അവളുടെ അടിവയറ്റിലെ ചെമ്പന്‍രോമങ്ങളെ ഗബ്രിയേല്‍ വല്ലാത്ത സ്നേഹത്തോടെ സ്നാനപ്പെടുത്തി.കോഫീ ഹൌസിന്റെ സ്വകാര്യതയില്‍ ഒരിക്കല്‍ അവളുടെ ചെവിയില്‍ അതിനെപ്പറ്റി മന്ത്രിച്ചപ്പോള്‍
" നിനക്ക് ഒരുപാട് ആഹ്ലാദം തരുന്നതാണ് ആ നോട്ടമെങ്കില്‍,അത് വെളിവാക്കു ന്നതില്‍ ഞാന്‍ പ്രത്യേകം നികുതി ഒടുക്കുന്നില്ലല്ലോ" എന്നാണ് പ്രതിവചിച്ചത്!
   രണ്ട്‌ ഔണ്‍സ് മദ്യത്തിന്റെ ഔദാര്യമുള്ള സന്ധ്യകളില്‍ ഗബ്രിയേല്‍  കൊച്ചമ്മി ണി യുടെ സ്ഥാനം സുഭാഷി
ണിക്ക് നല്‍കിയിരുന്നു,മനസ്സിലെങ്കിലും.അന്നയ്ക്ക് അവളുടെ മകളുടെ സ്ഥാനവും.
   സുഭാഷിണി അവിവാഹിതയായിരുന്നു.അത്രയധികം റേഞ്ചുള്ള ഒരു പുരുഷനെ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടെന്ന് വിശദീകരണം.കര്‍ത്താവിനോടു ഗബ്രിയേലിന് ഒരുകാര്യത്തില്‍ ഏറെ അതൃപ്തിയുണ്ടായിരുന്നു.കൊച്ചമ്മി
ണിയുമായി മനസ്സമ്മതം നടക്കും മുമ്പ് സുഭാഷിണിയെ തന്റെ മുമ്പില്‍ കൊണ്ടുവന്നു നിര്‍ത്താ ത്തതില്‍.
ജീവിതത്തില്‍ ഒരിക്കലും ഡിലീറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ഫയലുകളിലൊന്ന്   സുഭാഷിണിയുമായി കോഫീഹൌസിലെ വൈകുന്നേരങ്ങളാണ്.ഒരു കോഫി കുടിക്കുക എന്നതിലപ്പുറം,ഒരാസക്തി വീഞ്ഞിനോട് തോന്നിയ ഒരു വൈകുന്നേരം സുഭാഷിണിയെ മറികടക്കാന്‍ ഒരുപാട് കളവുകള്‍ പറഞ്ഞ് പരാജയപ്പെട്ട് ഒടുവില്‍ സത്യംപറഞ്ഞ് കുമ്പസരിച്ചു സ്വയം പരിഹാസ്യനായൊരു വൈകുന്നേരമായിരുന്നു അത്.ഒടുവില്‍ "എന്നെ ഇത്രയേ എന്നെ അറിഞ്ഞുള്ളൂ" എന്ന രണ്ടിറ്റു കണ്ണീരിന്  മുന്പില്‍ അയാള്‍ ഒന്നും പറയാനാകാതെ മുഖം കുനിച്ചുനിന്നു.ബാറിന്റെ ചുവന്നതും, അരണ്ടതുമായ വെളിച്ചമില്ലായ്മയിലിരുന്ന് ഗബ്രി വീഞ്ഞ് കോപ്പ ചുണ്ടോടടുപ്പിക്കു മ്പോള്‍ എതിര്‍ വശത്തെ സീറ്റില്‍ സുഭാഷിണിയുണ്ടായിരുന്നു.
ലഹരി പിടിച്ച ഞരമ്പുകളെ തഴുകി ശാന്തമാക്കി ഗബ്രിയേല്‍ എന്തിനെന്നില്ലാതെ കരഞ്ഞു. അറിയാത്ത ദുഖങ്ങളില്‍ കൈ വിരലോടിച്ചു ശാന്തമ്മായി ഉറങ്ങുന കുഞ്ഞു പെങ്ങളായി മാറി സുഭാഷിണി അന്നേരം ഗബ്രിക്ക്.പിന്നീട് ഒരു വീണ്ടു വിചാരത്തില്‍ സുഭാഷിണിയുടെ മുഖം കൈകളില്‍ കോരിയെടുത്ത്  ഉമ്മവെക്കാനെന്നോണം അത്രയധികം അടുപ്പിച്ചു അവളുടെ കണ്ണുകളില്‍ തന്നെ ഉറ്റുനോക്കി ഇങ്ങനെ പറഞ്ഞു " ദൈവം എത്രക്രൂരനാണ്.എന്റെ മനസമ്മതത്തിന് മുമ്പേ നിന്നെ എനിക്ക് വെളിവാക്കിത്തരാത്ത വിധം"
   സുഭാഷിണി ഗബ്രിയുറെ വിരലുകളില്‍ നിന്നും മുഖം വേര്‍പെടുത്തി
" നോക്കൂ ഗബ്രീ,ഞാന്‍ അറിയുന്നുണ്ട്,എല്ലാ ഇന്ദ്രിയരസങ്ങള്‍ക്കുമപ്പുറം നീ എന്നില്‍ തിരിച്ചറിയുന്ന എന്തോ ഒന്നില്ലേ?കൊച്ചമ്മിണിയെ ഓര്‍ത്ത് എനിക്ക് അസൂയ്യപ്പെടാതിരിക്കാന്‍ വയ്യ.പക്ഷെ നിന്നെ എങ്ങിനെയൊക്കെ അവള്‍ വിശകലനം ചെയ്യുന്നു എന്നോര്‍ത്ത് സഹതാപിക്കാതിരിക്കാനും വയ്യ.
" നേരം ഒരുപാടാകുന്നു സുബ്ബാ.. നമുക്ക് പോകാം.."
" ഗബ്രീ, അത് ഞാനല്ലേ പറയേണ്ടത്.. "
സുഭാഷിണിയുടെ പൊട്ടിച്ചിരി ബാറിലെ അരണ്ട വെളിച്ചത്തെ പരമാവധി പ്രകാശിപ്പിച്ചു.സിരകളിലെ വീഞ്ഞിന്റെ ഖോരലഹരിയില്‍ ഗബ്രിയേല്‍ കണ്ടതാകട്ടെ സീറ്റുകളിലോരോന്നിലും നിരവധി ഗബ്രിമാര്‍ സുഭാഷിണിക്ക് മുമ്പില്‍ മുട്ടുകുത്തിനിന്നു ആമേന്‍ ചൊല്ലുന്നതും.
   ബാല്‍ക്കണിയില്‍,മഴയുള്ള രാത്രികളില്‍ ലൈറ്റിടാന്‍ ഗബ്രിക്ക്‌  അവകാശമി ല്ലായിരുന്നു.അത് സുഭാഷിണിയുടെ കല്പ്പനയാണ്.ഇരുളില്‍,തനിയെ ബാല്‍ക്കണി യില്‍ ഒരു രാവു
ക്കിനെ അവഗണിച്ചിരിക്കുമ്പോള്‍ മനസ്സുനിറയെ സുബ്ബയായിരുന്നു ഗബ്രിയില്‍.സ്ത്രീയും,പുരുഷനും ചേര്‍ന്നിരിക്കുമ്പോള്‍ ഉത്ഭവിക്കുന്ന,സിരകളിലെ സുഖമല്ല,അവര്‍ കൈകാര്യം ചെയ്തിരുന്നത്.അതിനപ്പുറം ഏതൊക്കെയോ ജന്മാന്തര നിയുക്തങ്ങളായ മഞ്ഞുവീഴ്ചകളില്‍ ഗബ്രിയും,സുബ്ബയും തനിച്ചിരിക്കുകയായിരുന്നു. 
 കടലിനും,വീടിനും ഇടയിലെ പുറമ്പോക്കിലെ കുട്ടികള്‍ കളിയ്ക്കാന്‍ മാത്രം ഉപയോ ഗിച്ചിരുന്ന ചെറിയ സ്ഥലത്ത് ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന കെട്ടിടം ഗബ്രിയേ ലിന്റെ കടല്‍കാഴ്ചകളെ മായ്ചുതുടങ്ങിയത് അയാളില്‍ പുതിയൊരു അസ്വസ്ഥത കൂടി ഉണ്ടാക്കിവെച്ചു.ഒരാശ്വാസം അവര്‍ വലതു വശത്ത്‌ പൂന്തോട്ടത്തിനായി ഒഴിച്ചിട്ടിരുന്ന ശൂന്യതയിലൂടെ കടല്‍ കാണാം എന്നതായിരുന്നു.
   കടല്‍ മറയ്ക്കുന്ന അര്‍ഥത്തില്‍ സിമന്റും,കമ്പിയും ചേര്‍ന്നു ഒരുംബെട്ടുയര്‍ന്നു വരുന്ന ചാരനിറം അയാള്‍ ബാല്‍ക്കണിയില്‍ വന്നിരിക്കുമ്പോഴോക്കെയും അയാളെ ഉറ്റുനോക്കി.ഒരാശ്വാസത്തിനെന്നോണം ചാരനിറത്തിലെ ജാലകച്ചതുരങ്ങളില്‍ അയാള്‍ പ്രതീക്ഷയുടെ പന്നല്‍ച്ചെടികള്‍ സങ്കല്‍പ്പിച്ച് വളര്‍ത്തി.
 രാത്രിക്ക് ഇത്രയധികം ഇരുട്ടുണ്ടെന്നു പ്രതീക്ഷിക്കാത്ത ഒരു ദിവസം ബാല്ക്കണിയിലിരുന്നു ഗബ്രി കടലിനെ നേരിടുകയായിരുന്നു.പൊടുന്നനെ ചാരനിറത്തിന്റെ ജാലകങ്ങളിലെ ഗബ്രിയുടെ  പന്നല്‍ ചെടികള്‍ ആടിയുലഞ്ഞു.അതിന്റെ കടുംപച്ചപ്പിലേക്ക് കണ്ണ് കൂര്‍പ്പിച്ചപ്പോള്‍ അവയിലാകെയും സൂര്യകാന്തിപ്പൂക്കള്‍!മഞ്ഞപ്പൂക്കളുള്ള സാരിചുറ്റിയ ഒരു സ്ത്രീ രൂപം,അതുവരെ പ്രത്യക്ഷപ്പെടാത്ത ഒരു പുരുഷരൂപത്തില്‍ അലിഞ്ഞു ചേര്‍ന്ന് അത് ജാലകത്തില്‍ നിന്നും താഴേക്ക് ഒലിച്ചുപോയി.
  ഗബ്രിയേല്‍ കൊച്ചമ്മിണി അനുവദിച്ചുവിട്ട ഒരു കവിള്‍ വീഞ്ഞിന്റെ വ്യാകുലത യില്‍ പെരുവിരലില്‍ എഴുന്നേറ്റുനിന്നു ചാരനിരത്തിലേക്ക് തുറിച്ചുനോക്കി.എന്നാല്‍ കടലില്‍നിന്നും കയറിവന്നൊരു ചെകുത്താനെപ്പോലെ അത് ഗബ്രിയേ ഭയപ്പെടുത്തി.ഭയത്തില്‍ നിന്നു ഓടി രക്ഷപ്പെടാനെന്നോണം ഈ സൂര്യകാന്തിയെ തനിക്കറിയാമല്ലോ എന്ന് വിസ്മയപ്പെട്ടു.
സുഭാഷിണിയെ ബോധപൂര്‍വം ഒഴിവാക്കി ഓഫീസ് വിട്ട് വീട്ടിലേക്കു പോരാന്‍ ബസ്സില്‍ കയറിയപ്പോള്‍ മുമ്പില്‍ " അമ്മാ വല്ലതും തരണേ " എന്ന്‍ ഒറ്റശ്വാസത്തില്‍ ഇന്നലത്തെ സൂര്യകാന്തി ചെന്തമിഴില്‍ ഗബ്രിയേലിന് നേരെ കൈ നീട്ടി.അവളുടെ കൈകളില്‍ അയാള്‍ വച്ചുകൊടുത്തത് നാണയങ്ങളല്ല സ്വന്തം കൈകള്‍ തന്നെ യായിരുന്നു.ആ കൈകളില്‍ ബലമായി പിടിച്ച് കോഫീ ഹൌസില്‍ സുഭാഷിണി ക്കൊപ്പം പങ്കിട്ട അതേ കസേരയില്‍ അവളെ കൊണ്ടിരുത്തി,ഗബ്രിയേല്‍ ഓരോ കോഫിക്ക് ഓര്‍ഡറിട്ടു.
        ഒരുകവിള്‍ കാപ്പിയുടെ രുചി തൊണ്ടയില്‍ തടഞ്ഞു നിര്‍ത്തി,ഗബ്രി പറഞ്ഞ തിങ്ങനെ
" നീ  മുഴുവനായും പറയുക,നിന്റെ മുറിവുകളോരോന്നും വിശകലനം ചെയ്യുക"
 " സര്‍ ചേറും ചൊറിയും ചിരങ്ങും പൂത്തു കിടക്കുന്ന ഈ ശരീരത്തില്‍ അതൊക്കെ വകഞ്ഞുമാറ്റി ഒരു പായല്‍ നിറഞ്ഞ കുളത്തിലെന്ന പോലെ ഒരാള്‍ കുളിക്കാനെ ത്തുമ്പോള്‍... കാശിനുവേണ്ടിയല്ല സാര്‍,എനിക്കും ഒരു പെണ്ണാകേണ്ടേ വല്ലപ്പോഴുമെങ്കിലും,മുലയൂട്ടാനയില്ലെങ്കിലും.അതിനെ തടസ്സപെടുത്തുന്ന വേലികലുടെ  അര്‍ത്ഥമെന്താണ് സാര്‍?"
ഗബ്രിയേലിന് മനസ്സെവിടെയോ അടഞ്ഞുപോയി
" സുഭാഷിണീ,കൊച്ചമ്മിണീ,നിങ്ങളേയൊക്കെ സൃഷ്ടിച്ച ദൈവത്തിന്റെ ചില രീതികള്‍ നോക്കുക.അതേ ദൈവം ആദിയില്‍ ഭൂമിയുണ്ടായപ്പോള്‍,ഇരുളും വെളിച്ചവും വേര്‍തിരിക്കാന്‍ വെമ്പിയ ദൈവം സൂര്യകാന്തികളെ സൃഷ്ടിച്ചതെങ്ങിനെ എന്ന് നോക്കുക"
   " എന്നെങ്കിലും ഒരു നാള്‍വരിക,എന്റെ ജാലകങ്ങളിലെ പന്നല്‍ച്ചെടികളില്‍ സൂര്യകാന്തികള്‍ വിരിയിച്ചെടുക്കണം നമുക്കിക്കുറി".സുഭാഷിണിയോടൊപ്പം ചെലവിടുന്ന തിലും സുഖംതോന്നി അയാള്‍ക്കപ്പോള്‍
ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ തല പൂഴ്ത്തിവെച്ചിരിക്കുംബോളാണ് സുഭാഷിണി യുടെ ഭ്രാന്തമായ പൊട്ടിച്ചിരി പൊങ്ങിയത്.എല്ലാ കണ്ണുകളും അക്കങ്ങളില്‍  നിന്നൂരിയെടുത് അവളില്‍  നിക്ഷേപിക്കുമ്പോഴേക്കും സുബ്ബ വസ്ത്രങ്ങളൊന്നൊന്നായി ഉരിഞ്ഞെരിഞ്ഞു പൂര്‍ണ്ണ നഗ്നതയിലേക്ക്‌ യാത്രയായിരുന്നു.പിന്നെ സെക്ഷന്‍ ക്ലാര്‍ക്കുമാരുടെ  ഇരിപ്പിടങ്ങള്‍ ഓരോന്നും പിന്നിട്ട് പുറത്തേക്കിറങ്ങി ഓടിപ്പോകും വരെ എല്ലാവരും സ്വന്തം ഇരിപ്പിടങ്ങളില്‍ ഉറച്ചുപോയി .
അന്ന് വൈകുന്നേരം ആകാവുന്നത്ര വീഞ്ഞ് മോന്തി ഭാരം കുറച്ചു
സുബ്ബ കിടപ്പുപ്പിച്ച ആശുപത്രിമുറിയിലെ പച്ചവിരിപ്പിന്മേല്‍ ഒരുപാടു കണ്ണീര്‍കുടഞ്ഞിട്ടു ഗബ്രിയേല്‍. ഇനിയൊരിക്കലും മടങ്ങിവരാത്ത വിധം ഒരുപാടു ദൂരങ്ങള്‍ പിന്നിട്ടുകൊണ്ട് സുബ്ബ അയാള്‍ക്ക്‌ മുന്നില്‍ മലര്‍ന്നു കിടന്നു.
രാത്രി, മഴയായിരുന്നു. മിന്നലുകള്‍ പൊന്‍വാളുകള്‍ വീശി കടലിനോടു യുദ്ധം ചെയ്യുന്നത് നോക്കി നിര്‍
വികാരനായി ഗബ്രിയേല്‍ ബാല്ക്കണിയിലിരുന്നു.പിന്നീടെ പ്പോഴോ കാഴ്ചമടുത്ത് ചാരനിരത്തിന്റെ ജാലകച്ചതുരങ്ങളില്‍ അയാള്‍ മിഴിതറപ്പിച്ചു വച്ചു.
സൂക്ഷിച്ചു നോക്കിയപ്പോളാണ് മനസ്സിലായത്‌ ജാലകച്ചാരത്തെ പന്നലിലകള്‍ ഇളക്കി ആരോതന്നെ വിളിക്കുന്നുണ്ടെന്ന്.അയാള്‍ക്ക്‌ പോകാതിരിക്കാന്‍ ഇരിപ്പുറച്ചില്ല!
ലൈബ്രറിയിലേക്കെന്ന കളവില്‍ കൊച്ചമ്മിണിയെ അതിജീവിച്ചു ഇടക്കിടെ നീണ്ടെത്തുന്ന മിന്നല്‍ വെളിച്ചത്തിലൂടെ അയാള്‍ പന്നല്‍ച്ചെടികള്‍ക്ക് പിന്നിലെ സൂര്യകാന്തിയിലേക്ക് വഴുതിവീണു . 
  മഴയായും,മിന്നലായും,തണുപ്പായും,വെളിച്ചമായും ഉടലുകള്‍ തിരിച്ചറിഞ്ഞ ഒരു നിമിഷത്തില്‍ അയാള്‍ ചോദിച്ചു
" നിന്റെ പേരെന്താണ്?"
ഇരുളില്‍ മിന്നലിന്റെ പശ്ചാത്തലത്തില്‍ ഒരു പൊട്ടിച്ചിരിയും,ശേഷം ഊക്കോടെ ഒരു തള്ളലുമായിരുന്നു ഉത്തരം.
"ഇതുവരെ അറിഞ്ഞില്ലേ നീ എന്നെ? പെണ്ണു...ഈര്പ്പമുള്ളോരു പെണ്ണ്!"
ഇനി എന്തധികം ചോദിക്കാനെന്ന് ഒരടിമയെപ്പോലെ കൂനിക്കൂടിയിരുന്ന ഗബ്രിയേലിന്റെ നെറ്റിമേല്‍ അമര്‍ത്തി ചുംബിച്ച്‌ അവള്‍ ഇരുളില്‍ വിടവാങ്ങി.മുറിയില്‍ മിന്നലും,ചാരനിറവും,ഗബ്രിയേലും മാത്രം അവശേഷിച്ചു.
ഗേറ്റ്തുറന്നു സ്വന്തം വീട്ടിലേക്ക് ചെല്ലുമ്പോള്‍ അയാള്‍ക്ക് തോന്നി താന്‍ അന്നയുടെ അച്ഛനല്ലെന്ന് !എങ്കിലും ഒരു പരിചിതഭാവത്തില്‍ ക്വാളിഗ്ബെല്ലില്‍ വിരലുക ലമര്‍ത്തി,കൊച്ചമ്മിണി തുറന്നുതന്ന വാതില്‍പ്പഴുതിലൂടെ അകത്തേക്ക് കയറി,സൂര്യകാന്തികളുടെ കറകഴുകിക്കളയാന്‍ കുളിമുറിയിലേക്കോടിപ്പോകവേ കൊച്ചമ്മിണി പിറകില്‍നിന്നും വിളിച്ച് ചോദിച്ചു.
"ഗബ്രീ,നിനക്കെന്തു പറ്റീ"
   ഉത്തരം പറയാന്‍ കുളികഴിഞ്ഞിറങ്ങുംവരെ സമയമുണ്ടെന്നാശ്വസിച്ചു ഷവറിനു താഴെവെറും നിലത്തു നഗ്നനായി ഗബ്രിയേല്‍ പരമാവധിനേരം മലര്‍ന്നു കിടന്നു.
പുറത്തിറങ്ങിയ ഗബ്രിയേലിന്റെ കഴുത്തിലും,പുറത്തും ബാക്കിയായ വെള്ളത്തുള്ളികള്‍ ഒരു കൊച്ചുകുഞ്ഞിനെയെന്നോണം ചേര്‍ത്ത്നിര്‍ത്തി കൊച്ചമ്മിണി തുവര്‍ത്തി കൊടുക്കുമ്പോള്‍ ഉച്ചത്തില്‍ കരയാന്‍ തോന്നി ഗബ്രിക്ക്,ഒപ്പം കുമ്പസരിക്കാനും!
     കുളികഴിഞ്ഞു തീന്‍മേശയില്‍ അന്നക്കൊപ്പം ചെന്നിരിക്കുമ്പോള്‍ ഒരുതരം പായല്‍മണം അയാളുടെ കൈകളില്‍ നിറഞ്ഞു.പിന്നെയും,പിന്നെയും കൈകഴുകി തിരികെ വന്നിരുന്ന് തൃപ്തിയാകാതെ ഭക്ഷണം വേണ്ടെന്നുവച്ച് എഴുന്നേറ്റ ഗബ്രിയേലിന്റെ മനസ്സിലേക്ക് അന്ന പതിയെ ഒരു വാക്ക് ഊരിവെച്ചു
"ആമേന്‍"
കിടക്കയില്‍ തളര്‍ന്നു,മലര്‍ന്നു വീണു കിടക്കവേ മുടിയും,വസ്ത്രങ്ങളും അഴിച്ചിട്ടു സിരകളോരോന്നും ഊതിപ്പെരുക്കി ഗബ്രിയേലിനുമേല്‍ പടര്‍ന്നുകയറിയ കൊച്ചമ്മിണി സ്നാനത്തില്‍ കഴുകിക്കളയാന്‍ കൂട്ടാക്കാതെ ഗബ്രിയുടെ കഴുത്തില്‍ ചുറ്റിക്കിടന്ന ഒരു ചെമ്പന്‍ മുടിനാരിനെ വിരലുകളില്‍ തൂക്കിയടുത്ത് ഗബ്രിയെലിന്റെ കണ്ണു  കളിലേക്കിങ്ങി വന്ന് വല്ലാത്ത ശാന്തതയോടെ ചോദിച്ചു.
" ഞാന്‍ മതിയാകാതെ വരുന്നുണ്ടോ ഗബ്രിക്കിപ്പോള്‍"
പൊടുന്നനെ വീടൊരു പായല്‍ക്കുളമായി മാറി.അതില്‍ കൊച്ചമ്മിണിക്ക് പിടികൊടുക്കാതെ പായല്‍ ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കാന്‍ ഗബ്രിയേല്‍ വല്ലാതെ പാടുപെട്ടു.അവിചാരിതമായി തന്നിലേക്ക് തുറന്ന ബാല്‍ക്കണി വാതിലിലൂടെ  ഗബ്രിയേല്‍ കടലില്‍ പെയ്യുന്ന മഴ കണ്ടു.മുന്നില്‍ കടല്‍ പാതിയെ മറച്ചുനിന്ന ചാരനിര ജാലകങ്ങള്‍ ഇടിഞ്ഞുവീണു അതില്‍ നിന്നും,സൂര്യകാന്തികള്‍ തലനീട്ടി  ഗബ്രിയേലിനോട് നിലവിളിച്ചു. 
  അതിനപ്പുറം കലിപിടിച്ചലറുന്ന കടലില്‍ നിന്നും കഷണ്ടിത്തലയുള്ള, ബലിഷ്ടങ്ങളായ കൈകളുള്ള ഗീവര്‍ഗീസ് വീശിയെറിയുന്ന ചന്ദനനൂലുകളില്‍,സ്വയം പട്ടമായി ഗബ്രിയേല്‍ ആകാശത്ത്‌ പറന്ന് നടന്നു.
അപ്പോള്‍ പായല്‍പടര്‍ന്ന കുളപ്പടവില്‍ നിന്നും,ലോലാക്കുകള്‍ അഴിച്ചുവെച്ച  അന്നയുടെ ഒറ്റവരി  പ്രാര്‍ത്ഥനമാത്രം ഗബ്രിയേല്‍ കേട്ടു!
"ആമേന്‍" 
Wednesday, December 30, 2009

വൈദ്യുതി വിളക്ക് എട്ടുകാലിയെപ്പോലെ ഞാന്നുകിടന് പ്രകാശം പരത്തുന്ന മേശയിലക്ക് ശരീരം അനുവദിക്കുന്നതിലുമേരെ മുമ്പോട്ടു വളഞ്ഞ്,അതിലുമേറെ ആയാസപ്പെട്ട്‌,വര്‍മ്മാജി നിക്ഷേപിച്ച ഫോട്ടോയിലേക്ക്‌ നോക്കിയിരുന്നു ശേഖേര്‍ ഏറെനേരം.അതിന്റെ കോശങ്ങളിലോരോന്നിലും കയറിയിറങ്ങി ഒടുവില്‍ തിരിച്ചുവന്ന് വര്‍മ്മാജിയുടെ മുഖത്തേക്ക് നോക്കിക്കനപ്പിച്ചൊന്നടിവരയിട്ടു..
"ഭൂമിമുരുകന്‍"
അതെ എന്നര്‍ത്ഥംവരുന്ന ചെറിയ പുഞ്ചിരിക്കുശേഷം,അയാള്‍ തന്നിലേല്‍ പ്പിച്ചിരിക്കുന്ന കര്‍ത്തവ്യത്തെക്കുറിച്ച്‌ ബോധവാനാകയാല്‍ അതീവ ഗൗരവം പൂണ്ടിരുന്നു.ശേഖേര്‍ തന്‍റെ ഡയറിതുറന്നു പേന ഊരിപ്പിടിച്ചു,ഭൂമി മുരുകനെപ്പറ്റി ഇതേവരെ കണ്ടെത്തപ്പെട്ട കാര്യങ്ങള്‍ ആരാഞ്ഞു.അയാളുടെ ജീവിതമാകട്ടെ അത്രയധികം സുതാര്യമാല്ലത്തതിനാല്‍ ചില അര്‍ധോക്തികളില്‍ തട്ടി വര്‍മ്മാജി വല്ലാതെ വിഷമിച്ചു.
വര്‍മ്മാജി പറഞ്ഞു "ശേഖേര്‍ ഇന്നത്തെ അവസ്ഥയില്‍ എനിക്ക്,നിങ്ങള്‍ക്കായി അനുവദിക്കാവുന്ന പരമാവധി സമയം രണ്ടുദിവസം കൂടി മാത്രമാണ്.കാര്യത്തിന്റെ ഗൗരവം നിങ്ങള്‍ക്കും അറിയാവുന്നതാണല്ലോ?"
"നോക്കൂ വര്‍മ്മാജി എന്നില്‍ നിക്ഷിപ്ത്തമായിരിക്കുന്ന ജോലി ഭൂമിമുരുകനെ പിടിച്ചുതരിക എന്നതല്ല, കണ്ടെത്തലുമല്ല!,അയാള്‍ ഉപയോഗിക്കാനിടയുള്ള ചില രൂപങ്ങള്‍ ഡിസൈന്‍ ചെയ്യുക എന്നത് മാത്രമാണ്!"
"അയാള്‍ ഉപയോഗിക്കാനിടയുള്ള ചില രൂപങ്ങള്‍" എന്ന പ്രയോഗം വര്‍മ്മാജിക്ക് അത്രയൊന്നും സ്വീകാര്യമായില്ലെങ്കിലും ഇതുവരെ ഈ പ്രക്രീയക്ക്‌ അയാള്‍ ലളിതമായി സ്വയം പറഞ്ഞു കൊണ്ടിരുന്നത് " അയാള്‍ മാറി നടക്കാനിടയുള്ള ചില വേഷങ്ങള്‍"എന്നായിരുന്നു.യാത്രപറഞ്ഞു പിരിഞ്ഞ് ഏറെ നേരമായിട്ടും ശേഖേറിന്റെ ആ പ്രയോഗം വര്‍മ്മയുടെ മനസ്സില്‍ വീണുകിടന്നു.
അന്ന് രാത്രി തന്നെയാണ് അപ്രതീക്ഷിതമായി വര്‍മ്മാജിക്ക് ശേഖേറിന്റെ ഫോണ്‍ വന്നതും പോലിസ് ക്ലബ്ബില്‍ സന്ധിക്കാം എന്ന ധാരണയിലെത്തിയതും.രാത്രി അത്രയൊന്നുമാകുന്നതിനു മുന്‍പ് പറഞ്ഞ സമയത്ത്,പറഞ്ഞ മേശക്കു പിറകില്‍ ഇത്തിരി മദ്യവും ശേഖേറും,വര്‍മ്മാജിയെ കാത്തിരുന്നു.
മുഖവുരയില്ലാതെ നേരെ വിഷയത്തിലേക്കാണ്,ശേഖേര്‍ ഗ്ലാസില്‍ മദ്യം പകരുന്നതിനിടയില്‍ പോയത്.വര്‍മ്മ എത്തുന്നതിനുമുമ്പേ അകത്താക്കിയ ഇത്തിരി മദ്യത്തിന്റെ വീര്യവും അയാള്‍ക്ക്‌ കൂട്ടിനുണ്ടായിരുന്നു.ഒരേ മേശക്കിരുപുറവും അഭിമുഖമായിരുന്ന് മദ്യഗ്ലാസ്സുകള്‍ കൂട്ടിമുട്ടിക്കുന്നതിനിടയില്‍ ശേഖേര്‍ പറഞ്ഞു "ഈ പകലറുതിയില്‍ നമ്മളെയിങ്ങനെ മുഖത്തോടുമുഖം നോക്കിയിരുത്തിയ ഭൂമിമുരുകന്റെ ആയുസ്സിന് "
തമാശകള്‍ തിരിച്ചറിയാനാവാത്തവിധം അയാളില്‍ ഭൂമിമുരുകന്‍ ഏല്‍പ്പിച്ച ഭാരം കൊണ്ട് വര്‍മ്മാജി ചിരിച്ചെന്നു മാത്രം വരുത്തിത്തീര്‍ത്തു.
"താങ്കള്‍ വിചാരിക്കുന്നത് പോലെ ഇതൊരു ചെറിയ കേസ്സല്ല വര്‍മ്മാജീ,ഭൂമി മുരുകനെപ്പറ്റി താങ്കള്‍ പറഞ്ഞ കഥകള്‍,അയാള്‍ ജീവിച്ചു തീര്‍ത്ത ജീവിതം,ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കാവുന്ന ജീവിതത്തെപ്പറ്റിയുള്ള ഊഹങ്ങള്‍,പത്രങ്ങള്‍ അയാളെ ആഘോഷിക്കുന്ന വിധങ്ങള്‍,ഒക്കെ ഒത്തുവായിക്കുമ്പോള്‍ നിസ്സാരമായി പെയ്തു തീരാവുന്നൊരു മഴയല്ലിത്!നമ്മളോരോരുത്തരും ഉത്തരം പറഞ്ഞേമതിയാവു എന്ന രീതിയില്‍ ചില ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട് അയാള്‍,ഇപ്പോഴും!അതിന്റെ ഉത്തരം അയാളെ പിടികൂടുക എന്നതല്ല, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക,എന്നത് തന്നെയാണ്!
വര്‍മ്മാജി ശേഖേറിനോടു പറയാത്തതും,ഭൂമിമുരുകനെ പിടികൂടുക എന്ന പ്രക്രീയക്ക് ഒരുതരത്തിലും സഹായകവുമാല്ലാത്തതുമായ,അയാളുടെ ജീവചരിത്രം വിവിധ പത്രക്കട്ടിങ്ങുകളുടെ ഒരു കൊളാഷിലൂടെ ശേഖേര്‍ വര്‍മ്മക്ക് മുമ്പില്‍ നിരത്തിവച്ചു.
"ഭൂമിമുരുകന്‍ പാരമ്പര്യമായി കര്‍ഷകുടുമ്പത്തിലെ ഇങ്ങേഅറ്റത്തെ കണ്ണിയായിരുന്നു.ഭാര്യ മലര്‍വിരിയും,മകന്‍ മണ്ണഴകനും,മകള്‍ പൂവിളിയും,വിതച്ചും,കിളച്ചും,ചന്തയിലെത്തിക്കുന്ന ഉരുളക്കിഴങ്ങും,ചോളവും,പരിപ്പുമാണ് വര്‍മ്മാജീ നാമൊക്കെ ഒന്ന് ക്യുനില്ക്കാന്‍ പോലും ക്ഷമകാണിക്കാതെ വാങ്ങിക്കൊണ്ട് വരുന്നത്‌. ഇവവാങ്ങിക്കൊണ്ടുവരികയും, വേവിക്കുകയും, ഭക്ഷിക്കുകയും ചെയ്യുക എന്നതില്‍ കവിഞ്ഞ് ഇതേ ഭക്ഷണത്തിന്റെ രണ്ടറ്റങ്ങളില്‍ നില്‍ക്കുന്ന നമ്മളും അയാളും തമ്മില്‍ ഒരു ബന്ധവും ഇല്ലേ?നിങ്ങളുടെ അര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് ഭക്ഷന്നം ഉണ്ടാക്കിത്തരുന്നത് നിങ്ങളുടെ ഭാര്യയോ,വേലക്കാരനോ ആയിരിക്കാം!പക്ഷെ ആ പ്രക്രീയക്ക്‌ ഭക്ഷണം ഉണ്ടാക്കിത്തരിക എന്നല്ല ഭക്ഷണം വേവിച്ചുതരിക എന്നേ പറയേണ്ടതുള്ളൂ! ഭക്ഷണം ഉണ്ടാക്കിത്തരുന്നത് തീര്‍ച്ചയായും ഭൂമിമുരുകന്മാരാണ്.അതെ സമയം ഭൂമിമുരുകനെ കണ്ടെത്തുക എന്ന ചുമതല നിങ്ങള്‍ക്ക് വന്നു ചേര്‍ന്നുമിരിക്കുന്നു,ഒരുജോലിയുടെ ഭാഗമായെങ്കിലും!വര്‍മ്മാജീ,ഒരു തമാശക്കായെങ്കിലും ഞാനൊന്ന് പറഞ്ഞോട്ടെ,നിങ്ങളുടെ മുമ്പിലെ ഭക്ഷണത്തിലൂടെ, പിറകോട്ടു, പിറകോട്ടു സഞ്ചരിച്ചു അവസാനം നിങ്ങള്‍ക്കയാളെ പിടികൂടാവുന്നതല്ലേയുള്ളൂ! "
"ശേഖേര്‍‍,ഞാന്‍ നിങ്ങളെ സമീപിച്ചത് ഭൂമിമുരുകനെ നിങ്ങള്‍ക്ക് എങ്ങിനെയൊക്കെ അണിയിച്ചോരുക്കാം എന്നറിയാനാണ്.നിങ്ങള്‍ എന്‍റെ സുഹൃത്തെന്നതിലുപരി ഈ കലയില്‍ അങ്ങേയറ്റം വിധഗ്ദ്ധനുമാണെന്നറിയാം.
അയാള്‍ ഒളിച്ചിരിക്കാനിടയുള്ള രൂപങ്ങളെക്കുറിച്ചാണ് നാം സംസാരിക്കേണ്ടത്,ഒളിച്ചിരിക്കാനിടയുള്ള സ്ഥലങ്ങളെക്കുറിച്ചല്ല, പിടികൂടേണ്ടതെങ്ങിനെ എന്നതിനെക്കുറിച്ചുമല്ല.നിങ്ങള്‍ ഒരു നിയമപാല കനല്ലാത്തിടത്തോളം ."
"വര്‍മ്മാജീ, നിങ്ങളുടെ തലയില്‍ വന്നുവീണ ഉത്തരവാദിത്വമാണ്,അയാളുടെ തലയ്ക്കു കല്‍പ്പിക്കപ്പെട്ട വിലയല്ല നിങ്ങളെ ഇത്രയധികം കഠിനാധ്വാനം ചെയ്യിക്കുന്നതെന്നെനിക്കറിയാം, നിങ്ങള്‍ സത്യസന്ധനായ ഒരു പോലീസ് ഓഫീസറാകയാല്‍.എന്നാല്‍ നിങ്ങള്‍ വസ്തുതകളെ, വസ്തുതകളായിത്തന്നെ കാണണം"
"ശേഖേര്‍ പറഞ്ഞുവരുന്നതെന്താണ്?"
ശേഖേര്‍ ഗ്ലാസുമായഴുന്നേറ്റു,പിറകിലൂടെവന്നു വര്‍മ്മാജിയുടെ ചുമലില്‍ പിടിച്ചു.എന്നിട്ട് അയാളുടെ കണ്ണുകള്‍ക്ക്‌ മുമ്പിലേക്ക് കുനിഞ്ഞു വന്ന് അതിലേക്കു തുറിച്ചു നോക്കി.എന്നിട്ട് ചോദിച്ചു. "വര്‍മ്മാജീ,താങ്കളെന്നെങ്കിലും കൃഷി ചെയ്തിട്ടുണ്ടോ? ഒരു പച്ചമുളക് തൈയെങ്കിലും നട്ടുനനച്ചിട്ടുണ്ടോ? പക്ഷെ നിങ്ങളുടെ ഭക്ഷണത്തില്‍ എരിവു വേണ്ടത്രയില്ലെങ്കില്‍ നിങ്ങള്‍ ക്ഷോഭിക്കുന്നു!എന്നിട്ടും നിങ്ങള്‍ ധരിച്ചിരിക്കുന്നത്‌ കൃഷിചെയ്യുക എന്നത് കര്‍ഷകരുടെ മാത്രം ജോലിയാണെന്നാണ്! "
"ശേഖേര്‍,നമുക്കുമുമ്പില്‍ ചെറിയ സമയമേയുള്ളൂ.നാംപാഴാക്കുന്ന ഓരോ സെക്കെന്റിലും ഭൂമിമുരുകന്‍ നമ്മളില്‍ നിന്നുമേറെ അകലേക്ക്‌ പോയിക്കൊണ്ടിരിക്കുകയാണ്.ഫിലോസഫി പറയാനാണെങ്കില്‍ നമുക്ക് പിന്നൊരിക്കല്‍ കൂടിയിരിക്കാം.ഭൂമിമുരുകനെ പിടികൂടിയതിനു ശേഷം!രാജ്യത്തിന്‌ ഇപ്പോള്‍ അയാളെ വേണ്ടത് കൃഷിക്കാരനായല്ല, തടവുകാരനായാണ്.നിങ്ങള്‍ക്കറിയാമോ മൂല്യം നിശ്ചയിക്കാനവാത്തത്ത്ര പ്രചീനങ്ങളായ ശേഖരങ്ങളുമായാണ് അയാള്‍ കടന്നുകളഞ്ഞിരിക്കുന്നത്. ശിലായുഗത്തിലേതെന്നുറപ്പുണ്ടായിട്ടും, അവയിലെ ലോഹാഭാരണങ്ങള്‍ ലോകത്തെയാകമാനം അത്ഭുതപ്പെടുത്തിയവയാണ്.ഒരു പക്ഷെ ചരിത്രത്തെ തന്നെ മാറ്റിയെഴുതാന്‍ കരുത്തുള്ളവ!
ശേഖേര്‍ പൊട്ടിച്ചിരിച്ചു.മദ്യം ഇത്തിരി തലയ്ക്കു പിടിച്ചവനെ പോലെത്തന്നെ.അയാള്‍ ബാഗുതുറന്നു ലാപ്ടോപ് എടുത്തു മേശമേല്‍ വച്ചു. എന്നിട്ട് വര്‍മ്മ പറഞ്ഞതില്‍ നിന്നും ഗൗരവം സ്വീകരിച്ചിട്ടെന്നപോലെ  ഘനമുള്ള ശബ്ദത്തില്‍ പറഞ്ഞു.
"വര്‍മ്മാജീ,ഭൂമിമുരുകന്റെ ചിത്രത്തിലൂടെയല്ല,അയാളുടെ ജീവിതത്തിലൂടെ തന്നെ ഞാന്‍ കടന്നുപോയി. ഒരു ഡിസൈനര്‍ അങ്ങനെത്തന്നെയാവണം എന്ന് ഞാന്‍ കരുതുന്നു."
ശേഖേര്‍ ലാപ്ടോപ് തുറന്നു.വര്‍മ്മാജീ ഏല്‍പ്പിച്ച അതെ ഫോട്ടോ സ്ക്രീനില്‍ തെളിഞ്ഞു.
"നോക്കൂ, വര്‍മ്മാജീ ഏറ്റവും കുറഞ്ഞ ധാതുക്കളാലാണയാളുടെ നിര്‍മ്മിതി.അതായത് എടുത്തു മാറ്റാന്‍ ഒന്നുമില്ലാത്തോരവസ്ഥയില്‍.ആകയാല്‍ ഈ മുഖത്തുനിന്നും എന്തെങ്കിലും എടുത്തുമാറ്റി അയാള്‍ ഒളിച്ചിരിക്കാനിടയില്ല.ഇനി കൂട്ടിചെര്‍ക്കലുകളെ കുറിച്ചാലോച്ചിക്കാം.കീ ബോര്‍ഡിലെ ചില ചില്ലറ വിരല്‍വിന്യാസ ങ്ങളിലൂടെ ശേഖേര്‍ മറ്റൊരു മുഖത്തിലേക്ക് ചാടിപ്പോയി.മോണിറ്ററില്‍ ഇപ്പോള്‍ ഭൂമിമുരുകന് താടിയും മീശയും തലപ്പാവും ഉണ്ട്. ഒരു സര്‍ദാര്‍ജീ ഭാവം.
"സര്‍ദാര്‍ ഭൂമിമുരുക്" ശേഖേര്‍ ഒച്ചയില്ലാതെ ചിരിച്ചു കൊണ്ട് അടുത്ത ചിത്രത്തിലേക്ക് കടന്നു. താടിയും, മീശയുമില്ലാത്ത ഒരു ഖൂര്‍ഖാവേഷത്തില്‍,പിന്നെ മൊട്ടയടിച്ച്,കൊള്ളക്കാരന്‍ മീശവച്ച്. അങ്ങിനെ അങ്ങിനെ....
വര്‍മ്മാജി പോലിസ് ബുദ്ധിയോടെ അവസൂഷ്മം വിലയിരുത്തി.
"പക്ഷെ വര്‍മ്മാജി,ഈ വേഷങ്ങളൊക്കെ അയാളെ എളുപ്പത്തില്‍ ഒറ്റിക്കൊടുത്തേക്കാം.ഒരുപക്ഷെ അയാളുടെ യഥാര്‍ത്ഥ വേഷത്തെക്കാളും"
അത് ശരിതന്നെ എന്ന് വര്‍മ്മാജിക്കും തോന്നി.ശേഖേര്‍ ഇതേവരെ ചെയ്തിട്ടുള്ള ഡിസൈനുകളില്‍ നിന്നും വിഭിന്നമായി ഒരുതരം വെച്ചുകെട്ടല്‍ ഇതിലൊക്കെ അയാള്‍ക്കും തോന്നിയിരുന്നു.
'ശേഖേര്‍,ഇനിയെന്ത് ചെയ്യും? അയാളുടെ വിവിധവേഷങ്ങള്‍ വച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പതിക്കാനാണ് നിര്‍ദേശം.പൊതുജന സഹായമില്ലാതെ നമുക്കിയാളെ കിട്ടാനുള്ള സാധ്യത കുറവാണ്. "
വര്‍മ്മാജീ,നിങ്ങള്‍ മുക്കിനു,മുക്കിനു പോസ്റ്റര്‍ ഒട്ടിച്ചു വെച്ചാല്‍ ജനങ്ങള്‍ അയാളെ ഒറ്റിത്തരുമെന്നുണ്ടോ? ശേഖേര്‍ വര്‍മ്മാജിയുടെ കണ്ണുകളില്‍ തന്നെ സൂക്ഷിച്ചു നോക്കി,എന്നിട്ട് പറഞ്ഞു.
"താങ്കള്‍ ക്ഷോഭിക്കില്ലെങ്കില്‍ ഞാനൊരു ചിത്രം കാണിച്ചു തരാം"
പിന്നീട്‌ വര്‍മ്മാജി കൊടുത്ത ഭൂമിമുരുകന്റെ യഥാര്‍ത്ഥ ഫോട്ടോയില്‍ കീ ബോര്‍ഡിലെ ചില ചെറിയ പ്രയോഗങ്ങള്‍ കൊണ്ട് അത് വര്‍മ്മാജിയാക്കി കാണിച്ചു കൊടുത്തു.എന്നിട്ട് ലാപ്ടോപ് മേശമേല്‍ വിട്ട് വര്‍മ്മാജിയുടെ മുഖത്തേക്ക് കുനിഞ്ഞു കണ്ണുകളില്‍ തന്നെ തുറിച്ചു നോക്കി,ഒരിടനേരത്തെ മൗനത്തിനുശേഷം പറഞ്ഞു
"ഈ കണ്ണുകള്‍ നിങ്ങളുടെതാണെന്ന് നിങ്ങള്‍ക്ക് പറയാനാവുമോ,ഒരേ സമയം അത് നിങ്ങളുടെത് മാത്രമാണെന്നും,ഈ അര്‍ത്ഥത്തിലാണ് ഞാന്‍ നേരത്തെ ചോദിച്ചത്.നിങ്ങള്‍ എന്നെങ്കിലും കൃഷി ചെയ്തിട്ടുണ്ടോ എന്ന്,ഒരു പച്ചമുളകെങ്കിലും!
വര്‍മ്മാജി നിശബ്ദനായി തലകുനിച്ചിരുന്നു.ശേഖേര്‍ വീണ്ടും ലാപ്ടോപില്‍ കയറി.മോണിറ്ററില്‍ ഇപ്പോള്‍ ഭൂമിമുരുകന്റെ യഥാര്‍ത്ഥ ഫോട്ടോ,കീ ബോര്‍ഡിലെ ചില തട്ടലുകള്‍ കൊണ്ട് ശേഖേര്‍ അയാളെ സ്വന്തം രൂപത്തിലെത്തിച്ചു.പിന്നെ മുരുകനിലേക്ക് തിരികെപോയി ചിലകളികള്‍ കൊണ്ട് അയാളെ വര്‍മ്മയുടെ മേലധികാരിയാക്കി മാറ്റി.
"നോക്കൂ വര്‍മ്മാജീ,ഇതു നിങ്ങളുടെ പോലിസ് മന്ത്രി.നിങ്ങള്‍ക്കും,എനിക്കും,ഇദ്ദേഹത്തിനും,മുരുകനിലേക്ക് ഒരേ ദൂരമാണ് എന്‍റെ കീബോര്‍ഡില്‍. ആര്,ആരെ പിടികൂടാന്‍ ആജ്ഞാപിക്കുന്നു വര്‍മാജീ!ഈ എലിയും,പൂച്ചയും കളിക്കാണോ നിങ്ങള്‍ ക്രമസമാധാനം എന്നും, ജനാധിപത്യം എന്നും,പറയുന്നത്."
അന്നുരാത്രി അത്താഴത്തിനുശേഷം ഭാര്യയും,മക്കളും കിടപ്പുമുറിയിലെത്തും മുമ്പേ ഒരു കവിള്‍ മദ്യത്തിന്റെ പിന്‍ബലത്തില്‍ വര്‍മ്മാജി സ്വന്തം കണ്ണുകളെ വിശകലനം ചെയ്തു.സ്വന്തം മുഖത്തിരുന്നു  മറ്റൊരാള്‍ അയാളെ തുറിച്ചുനോക്കി.വര്‍മ്മാജി കൈകളില്‍ നെഞ്ചോടുചേര്‍ത്തു പിടിച്ചിരുന്ന മദ്യഗ്ലാസ് മേശമേല്‍ വെക്കാന്‍ കൊതിച്ചെങ്കിലും അതിന് കഴിഞ്ഞില്ല! ഭൂമിമുരുകന്‍ അയാളെ മോചിപ്പിക്കും വരെ ഒരു പ്രതിമ പോലെനിന്നു വര്‍മ്മാജി ഏറെ നേരം!.ഇതേ സമയം ഭൂമിമുരുകനും,ഭാര്യ മലര്‍വിരിയും,മകള്‍ പൂവിളിയും,ചതുപ്പുപോലൊരു പ്രദേശത്തുകൂടി ഇരുളിന്റെ മറവില്‍ നടക്കുകയായിരുന്നു.അവരുടെ മുതുകിലെ ചാക്കുകളിലെ പൊങ്ങാഭാരങ്ങളില്‍നിന്നും പിതൃക്കള്‍ നിലവിളിച്ചുകൊണ്ടേയിരുന്നു.
ആ നടത്തത്തിലും ഭൂമിമുരുകന്‍ അത്യാഹിതങ്ങള്‍ വന്നുകയറിയ നാള്‍വഴികള്‍ ഓര്‍ത്തു.ഒരു നട്ടുച്ചവെയിലിലാണ് ഉരുളക്കിഴങ്ങുകള്‍ കിളച്ചുകൊണ്ടിരിക്കെ തൂമ്പയില്‍ തട്ടി ചെറിയൊരു മണിമുഴക്കമുണ്ടായത്.വെറുതെ മണ്ണില്‍ ചികഞ്ഞു നോക്കിയ അയാളുടെ കൈകളില്‍ ഹസ്തദാനം ചെയ്യുമ്പോലെ വന്നുകയറിയത്‌ ഉടഞ്ഞൊരു കരിങ്കല്‍ കൈയ്യായിരുന്നു!അതിന്റെ വല്ലാത്ത ഭാരത്തില്‍ അയാള്‍ക്ക്‌ കൈകഴച്ചു.ചെറിയ കൌതുകങ്ങള്‍ക്ക് ശേഷം കിളച്ച ഉരുള ക്കിഴങ്ങുക ള്‍ക്കൊപ്പം  അയാള്‍ ആ കൈകൂടി എടുത്തുകൊണ്ടുപോയി.മകള്‍ പൂവിളിക്ക് കളിക്കാനെങ്കിലും ...
ഉരുളക്കിഴങ്ങും,ചപ്പാത്തിയും തിന്നു കിടന്നുറങ്ങിയ അയാള്‍ ഭൂമിക്കടിയി ല്‍നിന്നും എന്തൊക്കെയോ നിലവിളികള്‍ കേട്ടുണര്‍ന്നു.കണ്ണടക്കുമ്പോളൊക്കെ ഏതൊക്കെയോ ഒറ്റകൈയ്യന്‍ രൂപങ്ങള്‍ അയാളെ നിലവിളിച്ചു ഭയപ്പെടുത്തി. അത് തന്റെമാത്രം സ്വപ്നമല്ലെന്ന് മലര്‍വിരിയും,മണ്ണഴകനും,പൂവിളിയും,സാക്ഷ്യപ്പെടുത്തി.രാത്രി അപ്പാടെ അവരെ വിവിധതരം നിലവിളികളാല്‍ ഭയപ്പെടുത്തിക്കൊണ്ടി രുന്നു.
മുറ്റത്തെ തുളസ്സിത്തറക്കുതാഴെ വച്ച കൊമ്പ്മാത്രമല്ല, തുമ്പിയും, അടര്‍ന്നുപോയ ഉണ്ണിഗണപതിക്കു മുമ്പില്‍ അയാള്‍ അറിയാവുന്ന പരിഹാര ക്രീയകളൊക്കെ ചെയ്തു കഴിഞ്ഞിട്ടും നിലവിളികളില്‍ ഒന്നുപോലും അടങ്ങിയില്ല. അങ്ങിനെയാണ് അയാള്‍ പുറത്തെ മന്ത്രവിധികള്‍ തേടി പോയതും, അയാള്‍ കിളച്ചെടുത്ത ഉടഞ്ഞ കൈയുടെ വിവരം പുറത്തറിയുന്നതും.പിന്നെ, ആരൊക്കെയോവന്നു അതെടുത്തുകൊണ്ടുപോയി.അതില്‍ പിന്നെ സംഭവിച്ചത് ഭൂമിമുരുകന്റെ അറസ്റ്റാണ്, ഈ കാര്യം ഒളിച്ചുവെച്ചു എന്ന കാരണത്താല്‍! ഭൂമിമുരുകനില്ലാതെ ആദ്യമായി നിലവിളികള്‍ക്കുമേല്‍ മലര്‍വിരിയും,  മണ്ണഴകനും,പൂവിളിയും,ഭയത്താല്‍ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.ഇത്തിരി ദിവസങ്ങള്‍ക്ക് ശേഷം മോചിപ്പിക്കപ്പെട്ടു തിരിച്ചെത്തിയ ഭൂമിമുരുകന്‍ കാണുന്നത്,നിരവധി യന്ത്രങ്ങള്‍ തന്‍റെ കൃഷിയിടംകുഴിച്ചു ഭൂമിക്കടിയിലേക്ക് പോകുന്നതാണ്!അവ പൊക്കിയെടുത്ത്കൊണ്ടുവന്ന പ്രാചീന രൂപങ്ങള്‍ പിതൃക്കളായി അയാളോട് നിലവിളിച്ചു.അവയ്ക്കും,മുരുകനുമിടയില്‍ മണ്ണടരുകളില്ലാത്ത തിനാല്‍ ഇപ്പോള്‍ അവയുടെ നിലവിളി പരമാവധി ഉച്ചത്തിലായിരുന്നു.വിളവ് മാത്രമല്ല, കൃഷിയിടം തന്നെ നഷടപ്പെട്ടുപോയ വേവലാതി മുരുകനെ വല്ലാതെ ഉലച്ചുകളഞ്ഞു. "ഒരുനാള്‍ തന്‍റെ തലമുറയിലെ എതെങ്കിലുമൊരുകണ്ണി ഭൂമിയാല്‍ സമ്പന്ന മാകുമെന്ന വിശ്വാസം തലമുറകളായി കൈമാറിയിരുന്നത് ഇതിനായിരുന്നോ എന്ന്,തലമുറയിലെ ആ കണ്ണി താനാണോ എന്ന്? "
നിലവിളിക്കുന്ന പിതൃക്കളോടയാള്‍ ചോദിച്ചില്ല, ഖനനം ചെയ്തെടുത്ത പിതൃക്കളെയത്രയും തുടച്ചുവൃത്തിയാക്കി പെട്ടിയിലടച്ചു എങ്ങോ കൊണ്ടു പോയി.അയാള്‍ക്കിപ്പോള്‍ അവശേഷിക്കുന്നത് സ്വന്തം കുടിലും, പിതൃക്കളുറങ്ങിക്കിടന്ന വലിയ ഗര്‍ത്തവും മാത്രമാണ്. മലര്‍വിരിയേയും, മണ്ണഴകനേയും,പൂവിളിയെയും,അല്ല അയാള്‍ക്ക്‌ സ്വയം തന്നെ ആശ്വസിപ്പിക്കാന്‍ കാരണങ്ങളില്ലായിരുന്നു.
ചെറിയ ഒരിടവേളക്ക് ശേഷം അയാളുടെ കുടിലിനു മുമ്പില്‍ "സര്‍ക്കാര്‍" എന്ന് മുദ്രകുത്തിയ ഒരു വണ്ടിവന്നു നില്‍ക്കുകയും എല്ലാവരോടും അതില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയ്യപ്പെട്ടു. പഴയതു പോലെ ഏതൊക്കെയോ കുറ്റങ്ങളാല്‍ ഇത്തവണ എല്ലാവരും പിടിക്കപ്പെടുകയാണെന്നാണ് അയാള്‍  കരുതിയതെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു!
ദീര്‍ഘയാത്രക്കുശേഷംഅവര്‍ എത്തിപ്പെട്ടത് വലിയൊരു കെട്ടിടത്തിനു മുമ്പിലാണ്. മരത്തിലേക്ക് നോക്കുന്നതുപോലെ അയാളുടെ കുട്ടികള്‍ തലയുയര്‍ത്തി കെട്ടിടത്തിന്റെ ഉയരത്തിലേക്കുനോക്കി അവിടെ ആരൊക്കെയോ അയാളെ കാത്തു നിന്നിരുന്നു. അതില്‍ പ്രധാനിയെന്നുതോന്നിക്കുന്ന ആള്‍ മുരുകനെയും കുടുംബ ത്തേയും തൊഴുതു.പിന്നീട് മുരുകന്റെ കൈ സ്വന്തം കൈകളില്‍ വാങ്ങി അതി ലേക്കൊരു താക്കോല്‍ വച്ചുകൊടുത്തു കൊണ്ട് പറഞ്ഞു.
" മുരുകന് ഇനിമുതല്‍ ഇവിടെയാണ് ജോലി. എല്ലാവര്‍ക്കും താമസിക്കാന്‍ ഇതിനു പിന്നിലൊരു മുറിയും ഒരുക്കിയിട്ടുണ്ട്.നിങ്ങളുടെ ഭൂമി ഇനി കൃഷിക്ക് വിട്ടുതരാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ വക പാരിതോഷികം... നോക്കൂ,ഈ സര്‍ക്കാര്‍ എന്നും ഭൂമിമുരുകന്മാരുടെ കൂടെയേ നിന്നിട്ടുള്ളൂ."
അതില്‍ മുരുകന് മനസ്സിലാകാതിരുന്നത് ഒന്ന് മാത്രമായിരുന്നു.ആരാണീ "സര്‍ക്കാര്‍" എന്നത്.ഒടുവില്‍ താക്കോല്‍ കൈയില്‍ വച്ചുതന്നആള്‍ തന്നെയായിരിക്കാം എന്നയാള്‍ ഊഹിച്ചു.മുരുകനാകട്ടെ താക്കോല്‍ എന്ന ഉപകരണം കാണുന്നത് തന്നെ ആദ്യമായായിരുന്നു.പൂട്ടിവെക്കാന്‍ ഒന്നുമില്ലായ്കയാല്‍ അയാളുടെ സമ്പാദ്യങ്ങള്‍ ഉരുളക്കിഴങ്ങായും,ഉള്ളിയായും,ചോളമായും,പുറത്തെ മണ്ണില്‍ സ്വതന്ത്രമായിയിക്കിടന്നു!എല്ലാവരും കൂടി മുരുകനെയും,കുടുംബത്തെയും,കെട്ടിടത്തിന്റെ വാതില്‍ക്കല്‍വരെ ആനയിച്ചു. മുരുകനോടു താക്കോലിട്ടു വാതില്‍ തുറക്കാനാവശ്യപ്പെട്ടെങ്കിലും അയാള്‍ക്കത് അതറിയാതെ ദയനീയമായി "സര്‍ക്കാരിന്റെ" മുഖത്തേക്കുനോക്കി. സര്‍ക്കാരാകട്ടെ സന്തോഷത്തോടെ ആ ചടങ്ങ് നടത്തിക്കൊടുത്തു.
മടിച്ച്,മടിച്ച് അകത്തേക്ക് കയറിയ മലര്‍വിരിയും, മണ്ണഴകനു,പൂവിളിയും, മാത്രമല്ല,ഭൂമിമുരുകനും, ഭയന്ന് ഒരടി പിറകോട്ടുവച്ചു.തന്‍റെ ഭൂമിയില്‍ നിന്നും കുഴിച്ചെടുക്കപ്പെട്ട പിതൃക്കളോരോന്നും ചില്ലലമാരയില്‍ അടുക്കിവെക്കപ്പെട്ടിരിക്കുന്നു!പ്രാചീനമായ ഒരുതരം ഗന്ധം അവിടെ നിറഞ്ഞുപെയ്തു.
            സര്‍ക്കാര്‍ എന്ന് മുരുകന്‍ കരുതിയ ആള്‍ അയാളോട് പറഞ്ഞു.        "ഇതിന്റെ അവകാശി മുരുകനാണ് മുമ്പും, ഇന്നും. ഇത് വെടിപ്പായി സൂക്ഷിക്കുകയും,സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കുകയുമാണ് ഇനിമുതല്‍ നിങ്ങളുടെ ജോലി.അതിനുള്ള ശമ്പളം സര്‍ക്കാര്‍ തന്നുകൊളളും.ഇനിയും എന്ത് വേണമെങ്കിലും സര്‍ക്കാരിനോട് ചോദിക്കാന്‍ മടിക്കേണ്ട"
മുരുകനാവട്ടെ തൊണ്ടവരണ്ട്,സര്‍ക്കാരെന്ന് അയാള്‍ കരുതിയ മനുഷ്യനോടു ചോദിച്ചത് ഇത്തിരി വെള്ളത്തിനായിരുന്നു!അതാകട്ടെ അപ്പോള്‍ അവിടെ ഉണ്ടായിരുന്നുമില്ല...പുതിയവീട്, പുതിയ മേച്ചില്‍സ്ഥലം,മുരുകനും കുടുംബവും,ഇപ്പോള്‍ എവിടെയാണെന്ന് അവര്‍ക്കുതന്നെ നിശ്ചയ മില്ലായിരുന്നു.ആരും അവരോടതുപറഞ്ഞു കൊടുക്കാത്തതിനാല്‍.മലര്‍വിരിയിലും,പൂവിളിയിലും, മണ്ണഴകനിലും, മുരുകന്‍ കണ്ടത് സന്തോഷമായിരുന്നില്ല, മ്ലാനതയായിരുന്നു.രാത്രി നാലുപേരും ഭയത്തിന്റെ പുതപ്പിനടിയില്‍ ഒരു ചങ്ങലപോലെ കോര്‍ത്ത്‌ കിടന്നുറങ്ങാന്‍നേരത്ത്,പൂവിളി എന്തുകൊണ്ടോ,തുളസിത്തറയുടെ കീഴെമറന്നുപോയ തുമ്പിയും, കൊമ്പുമൊടിഞ്ഞുപോയ ഉണ്ണിഗണപതിയെക്കുറിച്ച് മുരുകനോട് ചോദിച്ചു.
അയാളുടെ ഉറക്കത്തെ വീണ്ടും അസ്വസ്ഥമാക്കിയത് അതേ നിലവിളികളാണ്!അവ ഭൂമിയില്‍ നിന്നല്ല അയല്‍പക്കങ്ങളില്‍ നിന്നെന്നപോലെ അയാളെ ഭയപ്പെടുത്തി.മലര്‍വിരിയും, മണ്ണഴകനും, പൂവിളിയും,ഭയത്തില്‍ അയാള്‍ക്കൊപ്പം ചേര്‍ന്നു.
ഒരുള്‍പ്രേരണയാല്‍ അയാള്‍ മുറിവിട്ട് "പിതൃസ്ഥലി" എന്ന് പേര് കൊത്തിവച്ച വാതിലിലൂടെ അകത്തേക്ക് കടന്നു.അവിടെ ഇരുളില്‍ പന്തങ്ങള്‍പോലെ കത്തുന്നമിഴികള്‍ തുറന്നു ഭൂമിമുരുകന്റെ പിതൃക്കള്‍,അവരെ മോചിപ്പിക്കാന്‍ അയാളോട് യാചിച്ചു!അയാള്‍ തങ്ങളുടെ ആവശ്യം ചെവിക്കൊ ള്ളൂന്നില്ലെന്ന് കണ്ടതിനാലാവണം ക്രമേണ കൈകാലുകള്‍ ചലിപ്പിച്ച് അവ വായുവില്‍നീന്തി മുരുകനു ചുറ്റും സംഘനൃത്തം പോലെ ആടിത്തിമിര്‍ത്തു! ഭയന്ന്,വിയര്‍ത്തു,ബോധാമറ്റുവീണ മുരുകന്‍ ഉണരുമ്പോള്‍ മലര്‍വിരിയുടെ മടിയില്‍ കിടക്കുകയായിരുന്നു.മണ്ണഴകനും,പൂവിളിയും,അയാളുടെ കണ്ണുകളിലേക്ക് ആഴത്തിലേക്കെന്നപോലെ ഉറ്റുനോക്കുകയായിരുന്നു.
പിന്നീട് അയാള്‍ പിതൃക്കളെ ഒന്നോന്നായി ചാക്കുകളിലെടുത്തുവെച്ച്,സര്‍ക്കാര്‍തന്ന താക്കോല്‍, താകോല്‍ പഴുതില്‍ തന്നെ ഉപേക്ഷിച്ച്,ഇരുളില്‍ മാഞ്ഞുപോയി.പരസ്പരവും,സ്വയം,തന്നെയും കാണാനാവാത്ത ഇരുട്ടില്‍ ഭയം കൊണ്ടാവണം പൂവിളിയുടെ വിറയാര്‍ന്ന തേങ്ങല്‍ ഭൂമിമുരുകന്‍ കേട്ടു.
"അപ്പാ, നമ്മുടെ ഉണ്ണിഗണപതി..."
ഏറെ വിശകലനങ്ങള്‍ക്കും,വിലയിരുത്തലുകള്‍ക്കും,ശേഷം ശേഖേറും,വര്‍മ്മാജിയും പോസ്റ്ററില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ച രൂപങ്ങളിലായിരുന്നില്ല ഭൂമിമുരുകനും,കുടുംബവും ഒടുവില്‍ പിടി തരുമ്പോള്‍!
ചതുപ്പിന്റെ അറ്റത്തുനിന്നും തുടങ്ങുന്ന പുഴയില്‍,ചളിയില്‍ പുതഞ്ഞ് പരസ്പരം കെട്ടുപിണഞ്ഞ്, ഭൂമിമുരുകനും കുടുംബവും പിതൃക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്നു അപ്പോള്‍...തൊപ്പിയൂരി നെഞ്ചോടു ചേര്‍ത്തു പിടിച്ച്,വര്‍മ്മാജി അവരുടെ സമീപത്ത് നില്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ ഏറ്റവും ഇഷ്ട്ടമുള്ള ഒരാള്‍ ഹൃദയത്തില്‍ മുട്ടിവിളിച്ച് ഇങ്ങനെ ചോദിച്ചു!
"വര്‍മാജീ,താങ്കളെന്നെങ്കിലും കൃഷി ചെയ്തിട്ടുണ്ടോ? ഒരു പച്ചമുളകെങ്കിലും!"